Timely news thodupuzha

logo

80 ലക്ഷം രൂപ വില മതിക്കുന്ന 1.3 കിലോഗ്രാം സ്വർണം കരിപ്പൂരിൽ നിന്ന് പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച 80 ലക്ഷം രൂപ വില മതിക്കുന്ന 1.3 കിലോഗ്രാം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി അബുദാബിയിൽ നിന്നും മസ്കറ്റിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.

മസ്കറ്റിൽനിന്നും എത്തിയ മലപ്പുറം പൊന്നാനി സ്വദേശി ബാദിഷയിൽ (38) നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകൊണ്ടുവന്ന 1256 ഗ്രാം സ്വർണമിശ്രിതമടങ്ങിയ നാലു ക്യാപ്‌സ്യൂളുകളാണ് കണ്ടെത്തിയത്. എയർ അറേബ്യ എയർലൈൻസ് വിമാനത്തിൽ അബുദാബിയിൽ നിന്നും എത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശി മുഹമ്മദ്‌ അഹ്‌നാസിൽ (28) നിന്നും അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്കിനുള്ളിൽ ഒളിപ്പിച്ചുകൊണ്ടുവന്ന 274 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതമടങ്ങിയ ഒരു പാക്കറ്റുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

കള്ളക്കടത്തു സംഘം വാഗ്ദാനം ചെയ്ത പ്രതിഫലത്തിന് വേണ്ടിയാണ് സ്വർണക്കടത്തിനു കൂട്ടുനിന്നതെന്ന് ഇവർ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുണ്ട്. അഹ്‌നാസിന് 15000 രൂപയും ബാദിഷക്ക് ടിക്കറ്റിനുപുറമേ 40000 രൂപയുമാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണം നടത്തിവരികയാണ്. ഈ വർഷം ജനുവരി ഒന്നുമുതൽ ഇന്നുവരെ 149 കേസുകളിലായി ഏകദേശം 67 കോടി രൂപ വിലമതിക്കുന്ന 120 കിലോഗ്രാമോളം സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്.

പിടികൂടിയ 141 യാത്രക്കാരിൽ ആറു പേർ സ്ത്രീകളാണ്. പിടികൂടിയ 149 കേസുകളിൽ 46 എണ്ണത്തോളം ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പിടികൂടിയത്. മറ്റു കേസുകളെല്ലാം ഉദ്യോഗസ്ഥർ നടത്തിയ വിശദ പരിശോധനകളുടെ അടിസ്ഥാനത്തിലുമാണ്. സ്വർണം കടത്തുന്നവരെക്കുറിച്ച് രഹസ്യ വിവരം നൽകുന്നവർക്ക് കിലോഗ്രാമിന് 1.5 ലക്ഷം രൂപ വരെ കസ്റ്റംസ്‍ പ്രതിഫലം നൽകുന്നുണ്ട്.

വിവരം തരുന്നവരെക്കുറിച്ചുള്ള വിശദാംശങ്ങൾ തീർത്തും രഹസ്യമായി സൂക്ഷിക്കുന്നതാണ്. വിവരം നൽകുവാനായി 0483 2712369 എന്ന നമ്പറിൽ ബന്ധപ്പെടുക. ഇതുകൂടാതെ 14 കേസുകളിലായി വിദേശത്തേക്ക് കടത്തുവാൻ ശ്രമിച്ച ഏകദേശം 1.3 കോടി രൂപയുടെ വിദേശ കറൻസിയും ഈ കാലയളവിൽ എയർ കസ്റ്റംസ്‍ ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *