കൊച്ചി: നഗരത്തിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരാൾ മരിച്ചു. കുമ്പളങ്ങി സ്വദേശിയാണ് മരിച്ചത്. കിടപ്പുരോഗിയായ 65കാരനെ പനി ബാധിച്ചതിനെത്തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം തീവ്രമായതോടെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയ ഇദ്ദേഹം മരിക്കുകയായിരുന്നു. വെസ്റ്റ് നൈൽ വൈറസ് ബാധ മൂലം എറണാകുളത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ മരണമാണ് ഇത്.
വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചത് ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലായിരുന്നു. വെസ്റ്റ് നൈൽ പനി പരത്തുന്നത് രാത്രിയിൽ രക്തം തേടുന്ന ക്യൂലക്സ് കൊതുകുകളാണ്. രോഗലക്ഷണങ്ങൾ തലവേദന, പനി, ഛർദി, വയറുവേദന, വയറിളക്കം എന്നിവയാണ്. വെസ്റ്റ് നൈൽ പനി ചിലരിൽ നാഡീസംബന്ധമായ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.