തിരുവനന്തപുരം: ചാന്ദ്രയാൻ 3 വിക്ഷേപണത്തിന് തൊട്ടുപിന്നാലെ ഓസ്‌ട്രേലിയൻ തീരത്ത് കൂറ്റൻ റോക്കറ്റ് ഭാഗം അടിഞ്ഞു. പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ ജുറി ബേയ്‌ക്ക് സമീപമുള്ള ബീച്ചിലാണ് ചെമ്പു നിറത്തിൽ സിലിണ്ടർ രൂപത്തിലുള്ള ഭാഗം കാണപ്പെട്ടത്.
ഇത് വിദേശ ബഹിരാകാശ ഏജൻസിയുടെ റോക്കറ്റ് ഭാഗമാണെന്ന് ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസി അറിയിച്ചു. ചാന്ദ്രയാൻ 3 പേടകവുമായി പോയ എൽ.വി.എം 3 റോക്കറ്റിന്റെ ഭാഗമാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, സിലിണ്ടറിന്റെ പഴക്കം പരിശോധിക്കുമ്പോൾ ഇതിനുള്ള സാധ്യത കുറവാണ്.
മുൻകാലങ്ങളിൽ വിക്ഷേപിച്ച പി.എസ്.എൽ.വി റോക്കറ്റിന്റെ ഇന്ധന ടാങ്കാണിതെന്ന് സംശയിക്കുന്നു. ഉപഗ്രഹങ്ങളുമായി കുതിക്കുന്ന റോക്കറ്റിന്റെ ഭൂരിഭാഗം ഭാഗങ്ങളും ദൗത്യം പൂർത്തിയാക്കി അന്തരീക്ഷത്തിൽ കത്തിയമരുകയാണ് പതിവ്. ബാക്കി ഭാഗങ്ങൾ കടലിൽ പതിക്കും.