ന്യൂഡൽഹി: കേന്ദ്രമന്ത്രിയെ അശ്ലീല വീഡിയോക്കോൾ വിളിച്ച് ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ. കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ്ങ് പട്ടേലിനെ വിഡിയോ കോൾ വിളിച്ച രാജസ്ഥാൻ സ്വദേശികളാണ് ഡൽഹി പോലീസിൻറെ പിടിയിലായത്. വാട്സാപ്പിൽ വീഡിയോ കോൾ വന്നപ്പോൾ പ്രഹ്ലാദ് ഫോൺ എടുത്തതിനു പിന്നാലെ അശ്ലീല വീഡിയോകൾ പ്ലേ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
മന്ത്രി ഉടൻ തന്നെ കോൾ കട്ടാക്കുകയായിരുന്നു. ഉടനെ മറ്റൊരു നമ്പറിൽനിന്ന് കോൾ വരികയും മന്ത്രിയുൾപ്പെട്ട രതിചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

തുടർന്ന് കേന്ദ്രമന്ത്രി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സൈബർ സെല്ല് വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇവരെ രാജസ്ഥാനിൽ നിന്നും പിടികൂടുകയായിരുന്നു.
മുഹമ്മദ് വക്കീൽ, മുഹമ്മദ് സാഹിബ് എന്നിവരെ ഡൽഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.