Timely news thodupuzha

logo

കുറ്റാരോപിതരുടെ വീടുകൾ ബുൾഡോസറുപയോഗിച്ച്‌ തകർത്തു; യു.പി യോഗി ആദിത്യനാഥ്‌ സർക്കാരിനെ രൂക്ഷമായി വിമർശിച്ച്‌ സുപ്രീംകോടതി

ന്യൂഡൽഹി: നിയമവാഴ്‌ചയെ വെല്ലുവിളിച്ച്‌ കുറ്റാരോപിതരുടെ വീടുകൾ ബുൾഡോസറുപയോഗിച്ച്‌ തകർക്കുന്ന ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ്‌ സർക്കാരിനെ രൂക്ഷമായി വിമർശിച്ച്‌ സുപ്രീംകോടതി. 2016ൽ റാംപുർ ജില്ലയിൽ ഒരാളുടെ വീട്‌ ബുൾഡോസറുപയോഗിച്ച്‌ തകർത്ത്‌ ഇരുപതിനായിരം രൂപ കൊള്ളയടിച്ച കേസിലെ കുറ്റാരോപിതന്റെ ജാമ്യഹർജി യുപി സർക്കാർ എതിർത്തപ്പോഴായിരുന്നു ജസ്റ്റിസ്‌ സഞ്ജയ്‌ കൗൾ, സുധാൻഷു ധൂലിയ എന്നിവരുടെ പരിഹാസം.

ജാമ്യം നിഷേധിച്ച അലഹബാദ്‌ ഹൈക്കോടതി വിധിക്കെതിരെയാണ്‌ പ്രതി സുപ്രീംകോടതിയെ സമീപിച്ചത്‌. യുപി സർക്കാരിന്റെ അഭിഭാഷകൻ ആർ കെ റൈസാദ ജാമ്യാപേക്ഷയെ എതിർത്തു.

വീടുകൾ ബുൾഡോസിങ്‌ ചെയ്യുന്നത്‌ തെറ്റാണെന്ന്‌ സമ്മതിച്ച നിങ്ങളും അത്‌ പാലിക്കുമല്ലോയെന്ന്‌ കോടതി ചോദിച്ചു.എന്നാൽ, തന്റെ വാദം ഈ കേസിനെക്കുറിച്ച്‌ മാത്രമാണെന്ന്‌ പറഞ്ഞ്‌ തടിയൂരാനായിരുന്നു അഭിഭാഷകന്റെ ശ്രമം.

കുറ്റാരോപിതന്‌ കോടതി ജാമ്യം അനുവദിച്ചു. ക്രിമിനൽ കേസിൽ പ്രതിയാകുന്നവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച്‌ തകർക്കാൻ അനുവദിക്കുന്ന യുപി സർക്കാരിന്റെ നിയമത്തിന്റെ സാധുത പരിശോധിക്കുമെന്ന്‌ കഴിഞ്ഞ വർഷം സെപ്‌തംബറിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ നിയമം എല്ലാവരും അനുസരിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. യുപി സർക്കാരിന്റെ ബുൾഡോസർ രാജിനെതിരെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ അടക്കം നൽകിയ ഹർജികൾ കോടതിയുടെ പരിഗണനയിലാണ്‌.

Leave a Comment

Your email address will not be published. Required fields are marked *