ന്യൂഡൽഹി: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗ്മോഹൻ റെഡ്ഡിയുടെ സഹോദരി വൈ.എസ്.ഷർമിള കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണു കൂടിക്കാഴ്ച നടന്നത്. ഇരുവരും തമ്മിലുള്ള ചർച്ച 30 മിനിറ്റ് നീണ്ടു നിന്നു. അവിഭക്ത ആന്ധ്രപ്രദേശിൻറെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്ര, തെലങ്കാന രാഷ്ട്രീയത്തിൽ സ്വാധീനമുളള ആളുമാണ് വൈ.എസ്. ഷർമിള.
സഹോദരൻ ജഗ്മോഹൻ റെഡ്ഡി വൈ.എസ്.ആർ കോൺഗ്രസ് രൂപീകരിച്ച് മുന്നോട്ടുപോകുമ്പോൾ രാഷ്ട്രീയത്തിൽ വ്യത്യസ്ത വഴിയാണ് ഷർമിള സ്വീകരിച്ചിട്ടുള്ളത്. വൈ.എസ്.ആർ തെലങ്കാന പാർട്ടിയെയാണ് ഷർമിള നയിക്കുന്നത്. കോൺഗ്രസിൽ പാർട്ടിയുടെ ലയനം സാധ്യമായാൽ ഷർമിള ആന്ധ്രപ്രദേശിൽ പാർട്ടി ചുമതലകൾ ഏറ്റെടുക്കുമെന്നാണ് സൂചന.
ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിൽ ഷർമിളയുടെ പാർട്ടി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2014ൽ തെലങ്കാന രൂപീകൃതമായതിനു ശേഷം കോൺഗ്രസിനു ഇവിടെ സർക്കാർ രൂപീകരിക്കാനായിട്ടില്ല. അതുകൊണ്ടു തന്നെ ദക്ഷിണേന്ത്യൻ സംസ്ഥാനത്തു വിജയമുറപ്പിക്കാനുള്ള എല്ലാ വഴികളും കോൺഗ്രസ് തേടുകയാണ്.