കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഏകദിന ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളിലെ സർഗാത്മകതയെ സാങ്കേതിക വിദ്യയുമായി സമന്വയിപ്പിച്ച്, നവീന സങ്കേതങ്ങളായ അനിമേഷൻ, കംപ്യൂട്ടർ പ്രോഗ്രാമിങ്ങ് എന്നിവയിൽ താത്പര്യവും അവഗാഹവും ജനിപ്പിക്കുകയെന്ന ലക്ഷ്യ ത്തോടെയാണ് ‘ഡിജിറ്റൽ ഓണമെന്ന’ ആശയത്തെ മുൻനിർത്തി ക്യാമ്പ് നടത്തിയത്.
ഡിജിറ്റൽ പൂക്കളം, ഡിജിറ്റൽ സദ്യ എന്നിവ സൗജന്യ ഗ്രാഫിക് സങ്കേതങ്ങളായ ജിമ്പ്, ഇൻക്സ്‌കേപ്പ് എന്നിവയിലും ഡിജിറ്റൽ ഊഞ്ഞാലാട്ടം, ഡിജിറ്റൽ പുലികളി എന്നിവ ടുപി ട്യൂബ്, കെഡൻ ലൈവ് എന്നീ സങ്കേതങ്ങളിലും കുട്ടികൾ പരിശീലനം നടത്തി. കൂടാതെ പ്രോഗ്രാമിങ് സങ്കേതമായ സ്ക്രാച്ച് ഉപയോഗിച്ച് വിവിധ ഡിജിറ്റൽ ഓണക്കളികൾ നിർമിക്കാനും പരിശീലിച്ചു.
സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഇൻഫർമേഷൻ ടെക്നോളജി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കേരളാ ഇൻഷർമേഷൻ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആണ് പരിപാടി ഒരുക്കുന്നത്. ഈ വർഷം ഒൻപതാം ക്ലാസിൽ പഠിക്കുന്ന ‘ലിറ്റിൽ കൈറ്റ്’കൾക്കായാണ് പരിശീലനം നടന്നത്.
ഉദ്ഘാടന ചടങ്ങിൽ സകൂൾ സീനിയർ ടീച്ചർ മേരി പോൾ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഇന്ദു കെ. പോൾ, സ്കൂൾ ഐറ്റി കോർഡിനേറ്റർ മിനി ചാക്കോ എന്നിവർ സംസാരിച്ചു. ജില്ലയിലെ കൈറ്റ് മാസ്റ്റർ ട്രെയിനറും അധ്യാപക പരിശീലകനുമായ ജോസഫ് മാത്യുവിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.