തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുപക്ഷ സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചതില്‍ കോണ്‍ഗ്രസിനും ബിജെപിക്കും പകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിക്ക് എതിരായ ഇ ഡി നീക്കം സംസ്ഥാനത്തെ വികസനങ്ങള്‍ തടയാന്‍ വേണ്ടിയാണ്. കിഫ്ബിയിലൂടെ കിട്ടിയ പണം കൊണ്ടാണ് കേരളത്തില്‍ വികസനം നടക്കുന്നത്. അത് തടയണമെങ്കില്‍ കിഫ്ബിയെ തകര്‍ക്കണം. അതിനുവേണ്ടിയാണ് ഇപ്പോഴത്തെ നീക്കമെന്നും ഇഡിയുടെ ഉദ്ദേശ്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി കൊണ്ടു വന്നപ്പോള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം എന്ന് പറഞ്ഞ പ്രതിപക്ഷം അന്ന് പരിഹസിച്ചു. കിഫ്ബിയിലൂടെ 50,000 കോടി രൂപ കണ്ടെത്തും എന്ന് പറഞ്ഞപ്പോള്‍ അതിനെ എതിര്‍ത്തു. അഞ്ച് വര്‍ഷത്തിന് ശേഷം 62,000 കോടി രൂപ കണ്ടെത്തി. ആ കിഫ്ബിയെ തകര്‍ക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ബിജെപിക്കൊപ്പം കോണ്‍ഗ്രസും ഈ ഉദ്യമത്തില്‍ പങ്കുചേരുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഏതെല്ലാം രീതിയില്‍ എതിര്‍ത്താലും ജനങ്ങളോടുള്ള പ്രതിബദ്ധതയില്‍ സര്‍ക്കാര്‍ പിന്നോട്ടുപോകില്ല. എല്ലാ വിഭാഗം ജനങ്ങളും എല്‍ഡിഎഫിനെ സ്വീകരിച്ചു. എല്‍ഡിഎഫിന് ലഭിച്ച രണ്ടാമൂഴം ജനങ്ങള്‍ നെഞ്ചേറ്റിയതിന്റെ തെളിവാണ്. തുടര്‍ഭരണത്തിന് ശേഷം യുഡിഎഫ് വല്ലാത്ത പകയും വിദ്വേഷവും പടര്‍ത്തുന്നു. നേരത്തെ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രകടിപ്പിച്ചിരുന്ന ചില വിഭാഗങ്ങള്‍ പിന്നീട് സിപിഎമ്മിനൊപ്പം ചേര്‍ന്നു. ഇത് യുഡിഎഫിനെ ഞെട്ടിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഒട്ടേറെ ജീവനുകള്‍ നഷ്ടപ്പെട്ട പാര്‍ട്ടിയാണ് സിപിഎം. നേരത്തെ കോണ്‍ഗ്രസ് സിപിഎമ്മിനെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ന് രാജ്യവ്യാപകമായി കോണ്‍ഗ്രസ് തകര്‍ന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.