കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എംപിയുമായ കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട് നിര്‍ണായക രേഖ പുറത്ത്. അഭിമുഖത്തില്‍ തിരിമറി നടത്തിയെന്നാണ് ആക്ഷേപമുയരുന്നത്. സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ പദവിക്കായി അപേക്ഷിച്ചവരില്‍ ഏറ്റവും കുറവ് റിസര്‍ച്ച് സ്‌കോര്‍ പ്രിയ വര്‍ഗീസിനായിരുന്നു. എന്നാല്‍ അഭിമുഖം നടത്തിയപ്പോള്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചതും പ്രിയയ്ക്കാണ്.
അഭിമുഖത്തിലെ ഉയര്‍ന്ന മാര്‍ക്കാണ് പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് ലഭിക്കാന്‍ കാരണമായത്. ഗവേഷണത്തിന് 156 മാര്‍ക്ക് മാത്രമാണ് ഒന്നാം റാങ്ക് കിട്ടിയ പ്രിയയ്ക്ക് ലഭിച്ചത്. രണ്ടാം റാങ്ക് കിട്ടിയ ജോസഫ് സ്‌കറിയയുടെ റിസര്‍ച്ച് സ്‌കോര്‍ 651 ആയിരുന്നു.അഭിമുഖത്തില്‍ പ്രിയ 32ഉം ജോസഫ് 30മാര്‍ക്കും നേടി.
ഇത് സംബന്ധിച്ച രേഖകള്‍ സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. മുന്‍വിധികളോടെയാണ് അഭിമുഖം നടത്തിയതെന്നാണ് ആക്ഷേപങ്ങള്‍ ഉയരുന്നത്. അതേസമയം നിയമന വിവാദത്തെ തുടര്‍ന്ന് പ്രിയ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ നീട്ടി സര്‍ക്കാര്‍ നീട്ടിയിരുന്നു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ പദവി ഒരു വര്‍ഷത്തേക്കാണ് നീട്ടിയിരിക്കുന്നത്. നിലവില്‍ കേരള വര്‍മ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് പ്രിയ. അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ലഭിച്ചാല്‍ പ്രിയയ്ക്ക് ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടര്‍ നിയമനം കിട്ടും.