Timely news thodupuzha

logo

ചെന്നൈയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള; 20കോടിയുടെ സ്വർണവും പണവും കവർന്നു, കവർച്ച ജീവനക്കാരൻ്റെ നേതൃത്വത്തിലെന്ന് സംശയം

ചെന്നൈ: ന​ഗരത്തിൽ പട്ടാപ്പകൽ വൻ ബാങ്ക് കവർച്ച. ചെന്നൈ ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ അരുംബാക്കം ശാഖയിലാണ് കവർച്ച നടന്നത്. ജീവനക്കാരെ കെട്ടിയിട്ടു ബന്ദികളാക്കി, കത്തിമുനയിൽ 20 കോടി രൂപയുടെ സ്വർണവും പണവുമാണ് ഇവിടെ നിന്ന് കവർന്നത്. ഇടപാടുകാർ ഈടായി നൽകിയ സ്വർണമാണ് നഷ്ടമായത്.  ബാങ്കിലെ ജീവനക്കാരുടെ നേതൃത്വത്തിൽ തന്നെയാണ് കവർച്ച എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മൂന്നംഗ മുഖംമൂടി സംഘം ബാങ്കിനുള്ളിൽ അതിക്രമിച്ചു കയറി‌ മാനേജർ ഉൾപ്പെടെ രണ്ടു പേരെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷം ലോക്കറിന്റെ താക്കോൽ കൈക്കലാക്കി പണവും സ്വർണവും കവരുകയായിരുന്നു.

മോഷണത്തിന് മുൻപ് ബാങ്കിലെ സുരക്ഷാ ജീവനക്കാര മയക്കുമരുന്ന് ഉപയോഗിച്ച് മയക്കി കിടത്തിയായിരുന്നു സംഘം അകത്തേക്ക് കടന്നത്. പിന്നാലെ മറ്റു ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി. ഇതിന് ശേഷം ഷട്ടറുകൾ താഴ്ത്തി സം​ഘം പണം കവരുകയായിരുന്നു. കുറ്റകൃത്യത്തിന് ശേഷം മോഷ്ടാക്കൾ ഇരുചക്ര വാഹനത്തിൽ കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു.

ബാങ്കിലെ ജീവനക്കാരൻ മുരുകൻ്റെ നേതൃത്വത്തിലാണ് കവർച്ച നടന്നതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.  അണ്ണാനഗർ ഡെപ്യൂട്ടി കമ്മിഷണറും മറ്റു പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫൊറൻസിക് ഉദ്യോഗസ്ഥർ ബാങ്കിൽനിന്ന് വിരലടയാളം ശേഖരിച്ചു. ആറ് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് ചെന്നൈ ന​ഗരത്തിൽ തിരച്ചിലും ആരംഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *