Timely news thodupuzha

logo

ഡി.സി.സിയുടെ സ്വാതന്ത്ര്യ ദിന മഹാറാലി ;തുടക്കം ഉടുമ്പന്നൂരിൽ

തൊടുപുഴ- 75-ാം സ്വാതന്ത്ര്യ ദിനം നാളെ രാജ്യമെമ്പാടും ആഘോഷിക്കുമ്പോൾ, ഡി.സി.സി പ്രസിഡൻറ് സി.പി.മാത്യു നയിക്കുന്ന സ്വാതന്ത്ര്യദിന മഹാറാലി ഉടുമ്പന്നൂരിൽ ആരംഭിച്ച് തൊടുപുഴയിൽ സമാപിക്കുന്നു. കോൺഗ്രസ് നേതൃത്വത്തിലേക്ക് സൂര്യതേജസായി കടന്നു വന്ന മഹാത്മാഗാന്ധിയുടെ മാസ്മരികതയിൽ ഭാരത ജനത നടത്തിയ ആത്മാഭിമാനത്തിൻ്റെ സിംഹഗർജനമായിരുന്നു നമ്മുടെ സ്വാതന്ത്ര്യ സമര പോരാട്ടം.
ഇതിഹാസ സമാനമായ പോരാട്ടത്തിൽ ജീവൻ വെടിഞ്ഞ ധീര രക്തസാക്ഷികളേയും ജയിൽവാസവും കഴുമരവും ഏറ്റുവാങ്ങിയ ധീര ദേശാഭിമാനികളേയും സ്മരിക്കാതെ സ്വാതന്ത്ര്യം ആഘോഷിക്കാനാവില്ല.
കരിനിയമങ്ങൾ വരിഞ്ഞുമുറുക്കിയ കർഷകർ, പരിഹരിക്കാത്ത പട്ടയപ്രശ്നങ്ങൾ, നിർമ്മാണ നിയന്ത്രണങ്ങൾ, ബഫർ സോൺ ഉത്തരവുകൾ, തോട്ടം തൊഴിലാളികളുടെ താമസ സൗകര്യവും ശമ്പളവർദ്ധനവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ – ഇത്തരം ഒട്ടനവധി പ്രതിസന്ധികൾക്കു പരിപാരം കണ്ടെത്തേണ്ട സന്ദർഭത്തിലാണ് വർഗീയ ഫാസിസ്റ്റു ശക്തികൾക്കു മുമ്പിൽ തല കുനിക്കാൻ മനസ്സില്ല എന്ന പ്രഖ്യാപനവുമായി ‘ആസാദി കി ഗൗരവ് പദയാത്ര’ ,സ്വാതന്ത്ര്യ ദിന മഹാറാലിയായി നടത്തുന്ന തു്.
നാളെ രാവിലെ ഒൻപതിനു ഉടുമ്പന്നരിൽ എ.ഐ.സി.സി സെക്രട്ടറി പി.വിശ്വനാഥൻ പെരുമാൾ റാലി ഉദ്ഘാടനം ചെയ്യുന്നു. എ.ഐ.സി.സി അംഗം ഇ.എം.ആഗസ്തി മുഖ്യ പ്രഭാഷണം നടത്തുന്നു. കരിമണ്ണൂരിലെ സ്വീകരണ സമ്മേളനം റോയ് കെ പൗലോസും പട്ടയം കവലയിൽ കെ.പി.സി.സി സെക്രട്ടറി അഡ്വ.എസ്.അശോകനും മങ്ങാട്ടു കവലയിൽ അഡ്വ.ഇബ്രാഹിംകുട്ടി കല്ലാറും ഉദ്ഘാടനം ചെയ്യുന്നതാണ് .
റാലി തൊടുപുഴ ഗാന്ധി സ്ക്വയറിൽ എത്തിച്ചേരുമ്പോൾ സി.പി.മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന മഹാസമ്മേളനം ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നതാണ്. ആദ്യമായി തൊടുപുഴയിൽ എത്തിച്ചേരുന്ന തുഷാർ ഗാന്ധിയെ ആയിരക്കണക്കിനു കോൺഗ്രസ് പ്രവർത്തകർ സ്വീകരിക്കുന്നതാണ്. അഡ്വ.ഡീൻ കുര്യാക്കോസ് എം.പി. സ്വാതന്ത്ര്യ ദിന സന്ദേശം നൽകുന്നു. എ.കെ.മണിയും മറ്റു നേതാക്കളും സംസാരിക്കുന്നതാണു്. റാലിയിലും പൊതുസമ്മേളനത്തിലും എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്നു ഡി.സി.സി ജനറൽ സെക്രട്ടറി എം.ഡി.അർജുനൻ അഭ്യർത്ഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked *