Timely news thodupuzha

logo

ബാലൻ ഡി ഓർ പുരസ്‌കാരം എട്ടാമതു സ്വന്തമാക്കി മെസ്സി

പാരിസ്‌: മികച്ച ഫുട്‌ബോൾ താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്‌കാരം അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസി സ്വന്തമാക്കി. അർജന്റീനയ്‌ക്ക്‌ ലോകകപ്പ്‌ നേടിക്കൊടുത്തതാണ്‌ എട്ടാം തവണയും ബഹുമതിക്ക്‌ അർഹനാക്കിയത്‌.

അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിൽ കളിക്കുകയാണ്‌ മുപ്പത്താറുകാരൻ. കഴിഞ്ഞ വർഷം ഫ്രഞ്ച്‌താരം കരിം ബെൻസെമയ്‌ക്കായിരുന്നു പുരസ്‌കാരം. മെസി 2021, 2019, 2015, 2012, 2011, 2010, 2009 വർഷങ്ങളിൽ ഈ നേട്ടം കൈവരിച്ചു.

വനിതകളിൽ മികച്ച കളിക്കാരിയായി ലോകകപ്പ്‌ നേടിയ സ്‌പെയ്‌ൻ താരം ഐതാന ബൊൻമാറ്റി തെരഞ്ഞെടുക്കപ്പെട്ടു. മധ്യനിര താരമായി തിളങ്ങിയ ഇരുപത്തഞ്ചുകാരി ബാഴ്‌സലോണ ക്ലബ്ബിനാണ്‌ കളിക്കുന്നത്‌.

മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസിനാണ്‌. മികച്ച ഗോളടിക്കാരനുള്ള ജെർദ്‌ മുള്ളർ ട്രോഫി മാഞ്ചസ്‌റ്റർ സിറ്റിയുടെ നോർവേ താരം എർലിങ് ഹാലണ്ട്‌ കരസ്ഥമാക്കി. യുവതാരത്തിനുള്ള കോപ ട്രോഫി ഇംഗ്ലണ്ടിന്റെ ജൂഡ്‌ ബെല്ലിങ്‌ഹാം നേടി.

ബ്രസീലിന്റെ റയൽ മാഡ്രിഡ്‌ താരം വിനീഷ്യസ്‌ ജൂനിയറിനാണ്‌ സോക്രട്ടീസ്‌ അവാർഡ്‌. മികച്ച പുരു ഷ ക്ലബ്ബ്‌ മാഞ്ചസ്‌റ്റർ സിറ്റിയും വനിതാ ക്ലബ്ബ്‌ ബാഴ്‌സലോണയുമാണ്‌.

ഫ്രാൻസ്‌ ഫുട്‌ബോൾ മാഗസിൻ ഏർപ്പെടുത്തിയ പുരസ്‌കാരം നിശ്‌ചയിക്കുന്നത്‌ ദേശീയ ടീമുകളുടെ ക്യാപ്‌റ്റൻമാരും പരിശീലകരും സ്‌പോർട്‌സ്‌ ലേഖകരും നടത്തുന്ന വോട്ടെടുപ്പിലൂടെയാണ്‌.

Leave a Comment

Your email address will not be published. Required fields are marked *