കോട്ടയം: സ്ഥാപനത്തിന്റെ എം.ഡിയുടെ വാട്‌സ്ആപ്പ് പ്രൊഫൈല്‍ ചിത്രം ദുരുപയോഗം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ കൈവശപ്പെടുത്തിയ കേസില്‍ രണ്ട് ബിഹാര്‍ സ്വദേശികള്‍ കൂടി പൊലീസിന്റെ പിടിയിലായി.
പാലായിലെ സ്ഥാപനത്തിന്റെ എംഡിയുടെ വാട്‌സാപ് പ്രൊഫൈല്‍ ചിത്രം ദുരുപയോഗം ചെയ്ത് ജനുവരി 31ന് ആയിരുന്നു തട്ടിപ്പ്. നിഹാല്‍കുമാര്‍(20), സഹില്‍കുമാര്‍(19) എന്നിവരാണു പിടിയിലായത്.
എം.ഡിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്‌സാപ് അക്കൗണ്ട് നിര്‍മിച്ച് മാനേജരുടെ ഫോണിലേക്കു പണമാവശ്യപ്പെട്ട് സന്ദേശമയച്ചു. ബിസിനസ് ആവശ്യത്തിനായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഉടന്‍ പണം അയയ്ക്കണമെന്നായിരുന്നു സന്ദേശം.
താന്‍ യോഗത്തില്‍ ആയതിനാല്‍ തിരിച്ചുവിളിക്കരുതെന്നും നിര്‍ദേശിച്ചു. എം.ഡിയാണെന്ന് വിശ്വസിച്ച് സ്ഥാപനത്തില്‍ നിന്ന് 35 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു. പിന്നീടാണു തട്ടിപ്പ് പുറത്തായത്. സംഭവത്തില്‍ അഞ്ച് യുപി സ്വദേശികളെ നേരത്തേ പിടികൂടിയിരുന്നു.