കൊല്ലം: വീട്ടിൽ ബാങ്കിന്‍റെ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി വി എന്‍ വാസവന്‍. അഭിരാമിയുടെ മരണത്തിൽ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചെതെങ്കില്‍ ഇവർക്കെതിരെ അടിയന്തര നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അഭിനാമിയുടെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം വേണമെന്നും ജീവനൊടുക്കിയത് ജപ്തിയുടെ പേരിൽ തന്നെയാണോയെന്ന് അന്വേഷിക്കണമെന്നും കേരള ബാങ്ക് ചെയർ ഗോപി കോട്ടമുറിക്കൽ പറഞ്ഞു. അതേസമയം, ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്താണ് മകൾ മരിച്ചതെന്ന് അച്ഛന്‍ അജികുമാർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം അഭിരാമിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. അഭിരാമിയുടെ മരണത്തിന് ഉത്തരവാദി കേരളാ ബാങ്കാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്നലെയായിരുന്നു ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ അജിഭവനത്തില്‍ അജുകുമാറിന്റെയും ശാലിനിയുടെയും മകള്‍ അഭിരാമി(19)യെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ മാതാപിതാക്കളോടൊപ്പം ചെങ്ങന്നൂരിലുള്ള മരണവീട്ടില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് അഭിരാമി വീട്ടില്‍ ജപ്തിനോട്ടീസ് കണ്ടത്. ഇത് ബന്ധുക്കളും നാട്ടുകാരുമൊക്കെ കണ്ടാല്‍ നാണക്കേടാകുമെന്നാണ് കുട്ടി അച്ഛനോട് പറഞ്ഞത്.
അജികുമാറും ഭാര്യയും ബാങ്ക് ശാഖയിലേക്ക് പോയതിനു പിന്നാലെ മുറിയില്‍ കയറി അഭിരാമി ജീവനൊടുക്കുകയായിരുന്നു. അപ്പൂപ്പന്‍ ശശിധരന്‍ ആചാരിയും അമ്മുമ്മ ശാന്തമ്മയും വിളിച്ചിട്ടും കതക് തുറന്നില്ല. അയല്‍ക്കാരെത്തി കതക് ചവിട്ടിത്തുറന്നപ്പോള്‍ ജന്നല്‍ക്കമ്പിയില്‍ ഷാള്‍ കുരുക്കി തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.