കോട്ടയം: പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി തന്നെ ഒഴിവാക്കി ജോസീന്‍ ബിനോയെ പ്രഖ്യാപിച്ചതിനോട് പ്രതികരിച്ച് ബിനു പുളിക്കണ്ടം. പുതിയ നിലപാടിലൂടെ സിപിഎം കേരള കോണ്‍ഗ്രസിന് വഴങ്ങിയതാണെന്നുള്ള പ്രചരണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു കത്തിലൂടെ അദ്ദേഹം എതിര്‍പ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നഗരസഭയിലുണ്ടായ തര്‍ക്കത്തിനിടെ കേരളാ കോണ്‍ഗ്രസ് അംഗത്തെ മര്‍ദ്ദിച്ച ബിനുവിനെ അംഗീകരിക്കാനാവില്ലെന്ന് ജോസ് കെ മാണി പറഞ്ഞിരുന്നു. തുടര്‍ന്നാണ് സിപിഎം ഏരിയാ കമ്മറ്റി തീരുമാനം അറിയിച്ചത്.
അദ്ദേഹം എഴുതിയതില്‍ നിന്നും; കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എം പിക്ക് പാലാ നഗരസഭാ സി പി (ഐ) എം പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും, കൗണ്‍സിലറുമായ അഡ്വ. ബിനു പുളിക്കകണ്ടം എഴുതുന്ന തുറന്ന കത്ത്
പ്രിയ ജോമോന്‍,
‘ മോഹങ്ങള്‍ ഉണ്ടായിരുന്നു പക്ഷേ മോഹഭംഗമില്ല. ‘
ആശ്വാസ വാക്കുകളുമായി സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും നിരന്തരം വിളിക്കുന്നുണ്ട്. പാലാ നഗരസഭയുടെ അധ്യക്ഷപദവിയില്‍ ഞാന്‍ എത്തിച്ചേരുമെന്ന് എന്നെക്കാളേറെ ഉറച്ചു വിശ്വസിച്ചവര്‍… ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അഭിമാനകരമായ നഗരസഭ അധ്യക്ഷ പദവി ഞാന്‍ പ്രതീക്ഷിച്ചിരുന്നു… ഏതൊരു സഖാവിന്റെയും ആവേശമായ ചുറ്റിക അരിവാള്‍ നക്ഷത്ര ചിഹ്നം നല്‍കി തിരഞ്ഞെടുപ്പ് രംഗത്തിറക്കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് എന്ന ജനപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയോ, പാര്‍ട്ടിയോട് കലഹിച്ചോ, വിലപിച്ചോ, വിലപേശിയോ ഒരു സ്ഥാനലബ്ധിയും ഞാന്‍ ആഗ്രഹിച്ചിട്ടില്ല.. ആഗ്രഹിക്കുകയും ഇല്ല.
താങ്കളെ ആദ്യമായി പരിചയപ്പെട്ട ദിവസം ഇന്നും ഞാന്‍ ഓര്‍ക്കുന്നു. അങ്ങയുടെ പിതാവ്, പാലായുടെ ആരാധ്യനായ നേതാവ് കെഎം മാണി സാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെക്കേക്കര വിജയോദയം വായനശാലയുടെ ചുമരുകളില്‍ പോസ്റ്റര്‍ ഒട്ടിക്കുമ്പോള്‍ ആണ് പാന്റും ഷര്‍ട്ടും അണിഞ്ഞ് മാരുതി 800 കാര്‍ സ്വയം ഡ്രൈവ് ചെയ്ത് കത്തീഡ്രല്‍ പള്ളിയിലേക്ക് പോകുന്ന അങ്ങയെ നിങ്ങളുടെ പാര്‍ട്ടിക്കാരനായ തോമസ് ആന്റണി പരിചയപ്പെടുത്തിയത്. അന്നു ഞാന്‍ അത്ഭുതത്തോടെ ചിന്തിച്ചു കേരള രാഷ്ട്രീയത്തിലെ പ്രായോഗിക രാഷ്ട്രീയക്കാരനായ മാണിസാര്‍ എന്തേ മകന്റെ രാഷ്ട്രീയ പ്രവേശനം വൈകിപ്പിക്കുന്നു? ഇനി മകന് താല്പര്യമില്ലാഞ്ഞിട്ടാകുമോ? പിന്നീട് വളരെ വൈകിയാണെങ്കിലും ഒരുപാട് വിവാദങ്ങള്‍ക്ക് നടുവില്‍ ആ രാഷ്ട്രീയ പ്രവേശനം നടന്ന് അങ്ങ് സ്ഥാനാര്‍ഥി ആയപ്പോള്‍ ഒരു യുഡിഎഫ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ താങ്കളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും, പരാജയത്തില്‍ ദുഃഖിക്കുകയും ചെയ്ത വ്യക്തിയാണ് ഞാന്‍.
23 വര്‍ഷം കേരള കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആയിരുന്ന എന്റെ പിതാവും അങ്ങയുടെ പരാജയത്തില്‍ എന്നെക്കാള്‍ ദുഃഖിച്ചിരുന്നു. മാണി സാര്‍ എന്ന രാഷ്ട്രീയ ചാണക്യന്‍ പാലാ അടക്കി വാഴുമ്പോഴും അദ്ദേഹത്തിന് കടന്നു കയറാന്‍ കഴിയാതിരുന്ന പ്രദേശമായിരുന്നു പാലാ തെക്കേക്കര. അവിടെ എന്റെ പിതാവ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിനായി സൗജന്യമായി വിട്ടു കൊടുത്തതിന്റെ പേരില്‍ ഞങ്ങളുടെ ജീവനോപാധിയായിരുന്ന റേഷന്‍ കടയുടെ വ്യാപാര ലൈസന്‍സ് പോലും പ്രതിസന്ധിയിലായിരുന്നു.
പ്രിയ സഹപ്രവര്‍ത്തകന്റെ മകന്‍ എന്ന വാത്സല്യവും, ചെറുപ്പക്കാരനായ പൊതുപ്രവര്‍ത്തകന്‍ എന്ന പരിഗണനയും, ഒരേ ചേരിയില്‍ നിന്ന് പിന്തുണയ്ക്കുമ്പോഴും, മറുചേരിയില്‍ നിന്ന് കലഹിക്കുമ്പോഴും മാണിസാര്‍ എനിക്ക് തന്നിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയം ഒരിക്കലും പ്രതികാരത്തിന്റെയോ, പകയുടെയോ, വിദ്വേഷത്തിന്റെയോ, അസഹിഷ്ണുതയുടെയോ ആയിരുന്നില്ല എന്ന് ഞാന്‍ ഈ അവസരത്തില്‍ സ്മരിക്കട്ടെ.
എന്നിലേക്ക് സ്വാഭാവികമായി വന്നുചേരുമെന്ന് ഞാനും എന്റെ പ്രസ്ഥാനവും, പാര്‍ട്ടിയിലെ ആയിരക്കണക്കിന് സഖാക്കളും കരുതിയ അംഗീകാരം – നഗരസഭ അധ്യക്ഷ പദവി , അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിനിരയായി എനിക്ക് നഷ്ടപ്പെട്ട ദിനത്തിലാണ് ഞാന്‍ ഈ തുറന്ന കത്ത് അങ്ങേക്ക് എഴുതുന്നത്. പാലാ നഗരസഭയുടെ 75 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി അധികാരത്തിലേറുന്ന സി പി (ഐ) എം ചെയര്‍മാന്‍ ആകുവാനുള്ള അവസരം ചുറ്റികളഅരിവാള്‍ നക്ഷത്ര ചിഹ്നത്തില്‍ വിജയിച്ചുകയറിയ ഈ നഗരസഭയിലെ ഏക ജനപ്രതിനിധിയായ എനിക്ക് നിഷേധിക്കപ്പെട്ട ദിവസം, നഗരസഭയില്‍ ചെങ്കൊടി പാറുന്നത് സ്വപ്നം കണ്ട ആയിരക്കണക്കിന് പാര്‍ട്ടി സഖാക്കളുടെ ഹൃദയം നുറുങ്ങിയ ദിവസം……… ഈ ദിവസം… 2023 ജനുവരി 19… ‘ പാലായുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു കറുത്ത ദിനമായി’ രേഖപ്പെടുത്തും.
നമ്മുടെ മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയുടെ കോട്ടയം ജില്ലാ സെക്രട്ടറി വി ബി ബിനു പറഞ്ഞതു പോലെ, മുന്നണിയിലെ ഒരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തില്‍, സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്ന വിഷയത്തില്‍ ഘടകകക്ഷികള്‍ ഇടപെടുന്നത് ശരിയല്ല. പല പാര്‍ട്ടി സഖാക്കള്‍ പറഞ്ഞതും ഇത്തരത്തില്‍ ആണെന്നും ഓര്‍മ്മപ്പെടുത്തുന്നു. അടുത്ത ഒരു കൊല്ലം കഴിയുമ്പോള്‍ ചെയര്‍മാന്‍ സ്ഥാനം വീണ്ടും അങ്ങയുടെ പാര്‍ട്ടിക്ക് തന്നെ ലഭിക്കുമല്ലോ, അന്ന് നിങ്ങളുടെ ചെയര്‍മാന്‍ ആരാവണമെന്ന് ഞങ്ങള്‍ക്ക് പറയാന്‍ അവകാശം ഉണ്ടോ എന്ന ചോദ്യവും പല സഖാക്കളും ഉന്നയിക്കുന്നുണ്ട്.
അടുത്ത അസംബ്ലി തിരഞ്ഞെടുപ്പ് വരുമ്പോള്‍ (അങ്ങ് അന്നും ഈ മുന്നണിയില്‍ ഉണ്ടെങ്കില്‍) പാലായില്‍ മത്സരിക്കേണ്ടത് മാണി സി കാപ്പനോട് വെറും 2543 വോട്ടിന് പരാജയപ്പെട്ട ജോസ് ടോം ആണോ, അല്ലെങ്കില്‍ പാലാക്കാരനും തികച്ചും ജനകീയനുമായ റോഷി അഗസ്റ്റിന്‍ ആണോ, അതോ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ 15378 വോട്ടിന് പരാജയപ്പെട്ട അങ്ങാണോ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസിന് വേണ്ടി രംഗത്തിറങ്ങേണ്ടത് എന്ന വിഷയത്തില്‍ മറ്റു ഘടകകക്ഷികള്‍ക്ക് അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം അങ്ങ് അനുവദിക്കുമോ എന്നു കൂടി ഈ അവസരത്തില്‍ ചോദിക്കുകയാണ്.
തിരഞ്ഞെടുപ്പില്‍ ജനം തിരസ്‌കരിക്കുന്നത് മൂലം രാഷ്ട്രീയ സൗഭാഗ്യങ്ങള്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ വേദനാജനകമാണ് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം രാഷ്ട്രീയ/വ്യക്തി വിരോധത്തിന്റെ പേരില്‍ അംഗീകാരങ്ങള്‍ നിഷേധിക്കപ്പെടുന്നത്. ജനം തിരസ്‌കരിച്ചതിനാല്‍ താങ്കള്‍ക്ക് നഷ്ടപ്പെട്ട രാഷ്ട്രീയ സൗഭാഗ്യങ്ങള്‍ ഭാവിയില്‍ ലഭ്യമാക്കുവാന്‍ പൊതുപ്രവര്‍ത്തനത്തിനായി നീക്കിവെക്കുന്ന സമയത്തിന്റെ ഒരു വിഹിതം ഇന്നുമുതല്‍ ഞാന്‍ സമര്‍പ്പിക്കുകയാണ്. നഷ്ടപ്പെട്ടുപോയ അധികാരങ്ങളെ കുറിച്ചുള്ള മോഹഭംഗമാവില്ല, ജനങ്ങള്‍ക്ക് വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍ ആയിരിക്കും എന്നത്തെപ്പോലെ നാളെകളിലും എന്റെ പൊതുജീവിതം.
പോരാട്ടങ്ങള്‍ സിപി(ഐ)എം പാര്‍ട്ടിയുടെ മുഖമുദ്രയാണ്.. അത് മുറുകെപ്പിടിച്ച് തന്നെയാവും മുന്നോട്ടുള്ള പ്രയാണവും… അധികാര സ്ഥാനങ്ങളുടെ അലങ്കാരമില്ലെങ്കിലും തണലായും, താങ്ങായും ചെങ്കൊടിയേന്തിയ സഖാക്കളും, സിപി(ഐ)എം എന്ന മഹത്തായ രാഷ്ട്രീയ പ്രസ്ഥാനവും ഉള്ളടത്തോളം കാലം അതില്‍ വിട്ടുവീഴ്ച ഉണ്ടാവില്ല.
രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് വേണ്ട അച്ചടക്കവും, ചട്ടക്കൂടുകളും ഞാന്‍ മനസ്സിലാക്കിയത് സിപി(ഐ)എം എന്ന മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തണലില്‍ വന്നതിനു ശേഷം ആണ്. ആ ബോധ്യങ്ങളും, ഉത്തരവാദിത്വങ്ങളും മുറുകെപ്പിടിച്ച് ചെങ്കൊടിയേന്തി തന്നെയാവും മുന്നോട്ടുള്ള പ്രയാണവും.. അങ്ങ് എന്നെ ചാരി എന്റെ പ്രസ്ഥാനത്തോട് കാട്ടിയ വിശ്വാസവഞ്ചനയോട് കലഹവും, പ്രതിഷേധവും, രൂക്ഷ പ്രതികരണങ്ങളും ഉപേക്ഷിച്ച് പ്രതികരിക്കാതെ സംയമനം പാലിക്കുന്നത് പ്രതികരണശേഷി നഷ്ടപ്പെട്ടു പോയതു കൊണ്ടോ, ഭയപ്പാട് കൊണ്ടോ അല്ല മറിച്ച് സിപി(ഐ)എം എന്ന കേഡര്‍ പാര്‍ട്ടിയുടെ ആശയ പ്രത്യയശാസ്ത്രങ്ങളില്‍ മനസുറച്ചു പോയതുകൊണ്ടാണ്… അതുകൊണ്ടുതന്നെയാണ് ഞാന്‍ ആദ്യമേ പറഞ്ഞത് മോഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടപ്പോള്‍ മോഹഭംഗമില്ലാത്തത്… എന്ന്.
ഞാന്‍ പാര്‍ട്ടിയോടും മുന്നണിയോടും പരിഭവിച്ച്, നഷ്ടബോധത്താല്‍ പൊതുരംഗത്ത് നിന്നും മാറിനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മറുപടിയായി ഇനിയും പാര്‍ട്ടിക്ക് വേണ്ടി, ജനങ്ങള്‍ക്ക് വേണ്ടി, അവരുടെ ക്ഷേമത്തിനു വേണ്ടി മുന്‍നിരയില്‍ തന്നെ ഉണ്ടാവുമെന്ന് പറഞ്ഞുകൊള്ളട്ടെ.
നിലപാടുകളുടെ പേരില്‍ കൈമോശം വരുന്ന അധികാര സ്ഥാനങ്ങള്‍ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ട് കൈമുതലാക്കണമെന്ന് ആഗ്രഹിക്കുന്നിടത്താണ് ഒരു പൊതുപ്രവര്‍ത്തകന്റെ പരാജയം ആരംഭിക്കുന്നത്. അങ്ങനെ നിലപാടുകളില്‍ വെള്ളം ചേര്‍ത്തും, കള്ളം പറഞ്ഞും, പകയുടെയും പ്രതികാരത്തിന്റെയും രാഷ്ട്രീയത്തിലൂടെ ആഗ്രഹ സാക്ഷാത്കാരത്തിന് ഇറങ്ങുമ്പോള്‍….. ജനകീയ കോടതിയില്‍, പരാജയപ്പെടുന്നവരുടെ പകപോക്കലുകള്‍… ‘നിഴല്‍ യുദ്ധങ്ങളാണ്…’ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാതെ, ജനവികാരത്തെ ഉള്‍ക്കൊള്ളാന്‍ ആവാതെ, ജനവിശ്വാസ്യത ആര്‍ജിക്കാനാവാത്തവരുടെ നിഴല്‍ യുദ്ധങ്ങള്‍…. അത്തരം യുദ്ധങ്ങള്‍ക്ക് ഒരിക്കലും ആരെയും പരാജയപ്പെടുത്താന്‍ ആവില്ല. നാളെകളിലും അവരെ കാത്തിരിക്കുന്നത് ജനങ്ങളുടെ തിരസ്‌കരണം…. അതുള്‍ക്കൊള്ളാന്‍ കഴിയാതെ വരുമ്പോള്‍ നാളെകളിലും ആരെയെങ്കിലും ബലിയാടുകള്‍ ആക്കി ആത്മനിര്‍വൃതി അടയണം….. ഇന്ന് ഞാന്‍ ആണെങ്കില്‍ നാളെ മറ്റൊരാള്‍…. പക്ഷേ അത്തരം ബലികള്‍ കൊണ്ട് കീഴടക്കാവുന്നതല്ലല്ലോ ജനമനസ്സ്.
പാര്‍ട്ടിയുടെ പാലായിലെ സജീവ പ്രവര്‍ത്തകനായി, ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റി, അവരോട് വിശ്വസ്തത പുലര്‍ത്തി കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായുള്ള നഗരസഭ കൗണ്‍സിലര്‍ എന്ന എന്റെ കര്‍മ്മപഥത്തിലൂടെ തലയുയര്‍ത്തി തന്നെ ഞാന്‍ ഇനിയും നടക്കും. ഇപ്പോള്‍ ചിലരെങ്കിലും ആഘോഷിക്കുന്ന….. എന്നാല്‍ എന്നെ ഒട്ടും സ്പര്‍ശിക്കാത്ത ഈ ഒരു തിരിച്ചടി ദൗര്‍ബല്യമല്ല മറിച്ച് എന്റെ പ്രസ്ഥാനത്തോടും സഖാക്കളോടും ഉള്ള പ്രതിബദ്ധത തന്നെയാണ്.
ഈ രാഷ്ട്രീയ നെറികേടില്‍ തളര്‍ന്നു പൊകാതെ എന്നെ ചേര്‍ത്ത് നിര്‍ത്തിയ ധീര സഖാക്കളും, പാലായിലെ പൊതു സമൂഹവും എനിക്ക് ധൈര്യം തരുന്നു. ‘ കറുപ്പ് ഒരു നിറം മാത്രമല്ല, അത് പ്രതിഷേധത്തിന്റെ അടയാളം മാത്രവുമല്ല, ആത്മസമര്‍പ്പണത്തിന്റെയും, ചില ഓര്‍മ്മപ്പെടുത്തലിന്റെയും കൂടിയാണ്.’ ഇനിയുള്ള കൗണ്‍സില്‍ കാലയളവിലും, അങ്ങയോട് ഒപ്പമുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിനും ഈ കറുപ്പിന് വലിയ പ്രസക്തി ഉണ്ട്