തിരുവനന്തപുരം: വിദ്യാർത്ഥികളിൽ പേവിഷബാധ പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗരേഖ പുറത്തിറക്കി.
സ്‌കൂൾ കോംപൗണ്ടിൽ തെരുവുനായ്ക്കൾ പെരുകാനുള്ളതും തങ്ങാനുള്ളതുമായ സാഹചര്യമൊഴിവാക്കണം. പേ വിഷബാധ സംബന്ധിച്ചും പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ചും വിദ്യാർത്ഥികളിൽ ബോധവൽക്കരണം നടത്തണമെന്നും മാർഗരേഖയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു.
മൃഗങ്ങളുടെ കടി, മാന്തൽ, പോറൽ എന്നിവയിലൂടെ ശരീരത്തിൽ മുറിവു സംഭവിച്ചാൽ അധ്യാപകരെയോ രക്ഷിതാക്കളെയോ ഉടനടി വിവരം അറിയിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കണം.
പേവിഷബാധ ഏൽക്കാതെ സുരക്ഷാനടപടികൾ സ്വീകരിക്കുന്നതു സംബന്ധിച്ച് ബോധവത്ക്കരണം നൽകുന്നതിന് ആരോഗ്യവകുപ്പുമായി ചേർന്ന് ഈ മാസം 13ന് സ്‌കൂളുകളിൽ സ്‌പെഷ്യൽ അസംബ്ലി നടത്തണം.
സ്‌പെഷ്യൽ അസംബ്ലികൾ എല്ലാ സ്‌കൂളുകളും നടത്തിയെന്ന് എല്ലാ വിദ്യാഭ്യാസ ഉപഡയറക്റ്റർമാരും ഉറപ്പുവരുത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
അതേസമയം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ കോൺക്ലേവ് നിർദേശങ്ങൾ മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.
പ്രീപ്രൈമറി വിദ്യാഭ്യാസം മുതൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ 2025 ഓടെ പൂർത്തിയാകും. ഇതോടൊപ്പം സ്‌കൂൾ പഠനനിലവാരവും വർധിപ്പിക്കേണ്ടതുണ്ട്.
ഗുണമേന്മ വർധിപ്പിക്കുന്നതിന് വിവിധ പരിപാടികൾ ആവിഷ്‌കരിക്കുന്നതിൻറെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ “ഗുണമേന്മാ വിദ്യാഭ്യാസത്തിനായുള്ള മൂല്യനിർണയ പരിഷ്‌കരണമെന്ന” മേഖലയിൽ ഏകദിന കോൺക്ലേവ് സംഘടിപ്പിച്ചത്. അതിൽ വന്ന പ്രധാന നിർദ്ദേശങ്ങൾ ആണ് റിപ്പോർട്ടിൽ ചേർത്തിട്ടുള്ളത്.
ഒന്നു മുതൽ 12ാം ക്ലാസ് വരെയുള്ള പഠന പ്രവർത്തനങ്ങളുടെ മൂല്യനിർണയ പ്രക്രിയ കാലോചിതമായി പരിഷ്‌കരിക്കണമെന്നും നിലവിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഓരോ പേപ്പറിനും എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക്(30% മാർക്ക്) വേണമെന്ന ശക്തമായ അഭിപ്രായം കോൺക്ലേവിൽ ഉയർന്നു. നിരന്തര മൂല്യനിർണയ പ്രക്രിയ സമഗ്രവും സുതാര്യവും ആകണമെന്നും നിർദേശമുണ്ടായി.