Timely news thodupuzha

logo

സ്കൂൾ വാർഷികം വ്യത്യസ്തമായി ആഘോഷിച്ച് കുമാരമംഗലം സ്കൂൾ

തികച്ചും വ്യത്യസ്തവും സദുദ്ദേശ സമ്പന്നവുമായ ഒരു വാർഷിക ദിനാചരണമാണ് ഇത്തവണ കുമാരമംഗലം എം.കെ.എൻ.എം. സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്. ഇന്നത്തെ യുവജനങ്ങളുടെ, വിശേഷിച്ചും സ്ക്കൂൾ കുട്ടികളുടെ ഇടയിൽ ഭീതിജനകമായി നിലനിൽക്കുന്ന ലഹരി വസ്തുക്കളോടുള്ള ആസക്തിയുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും, വ്യക്തികളേയും കുടുംബ ബന്ധങ്ങളേയും തകർത്തു കളയുവാനുള്ള അതിന്റെ പ്രഹര – സംഹാര ശേഷിയെ കുറിച്ചും, ഒപ്പം അതിന്റെ കരാള ഹസ്തങ്ങളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ സംരക്ഷിച്ചു പിടിക്കുവാൻ കഴിയുമെന്നതിനെക്കുറിച്ചും രക്ഷാകർത്താക്കൾക്കും കുട്ടികൾക്കുമായി ക്ലാസ് സംഘടിപ്പിച്ചാണ് ഈ പ്രാവശ്യത്തെ വാർഷികം അധികൃതർ നടത്തിയത്. ഇടുക്കി എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ അബു അബ്രഹാം, തൊടുപുഴ ഡി.വൈ.എസ്.പി എം.ആർ മധു ബാബു, ഹയർ സെക്കൻഡറി റീജിയണൽ ഡപ്യൂട്ടി ഡയറക്ടർ എം.സന്തോഷ് കുമാർ, പ്രമുഖ മനഃശാസ്ത്ര വിദഗ്ദ്ധൻ ഡോ. കെ. സുദർശൻ തുടങ്ങിയവർ മുഖ്യാതിഥികളായെത്തി.

വളരെ മികച്ച രീതിയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന വിവിധ വകുപ്പുകളിൽ നിന്നുമുള്ള ഈ വിദഗ്ദ്ധർ നൽകിയ വിശദമായ അറിവുകളും ഉപദേശങ്ങളും മുന്നറിയിപ്പുകളുമെല്ലാം അതീവ ശ്രദ്ധയോടെയും താൽപര്യത്തോടെയും ശ്രോതാക്കൾ കേട്ടിരുന്നു. ആയിരത്തി അഞ്ഞൂറിലേറെ വരുന്ന അച്ഛനമ്മമാരോട് ഇത്തരത്തിൽ ഒന്ന് സംവദിക്കാൻ കിട്ടുന്ന ഏറ്റവും ഫലപ്രദമായ മാർഗം ഇപ്രകാരം ഒരു വാർഷിക സമ്മേളനത്തിലാണെന്ന തിരിച്ചറിവാണ്, മികച്ച പ്രവർത്തന പാരമ്പര്യമുള്ള സ്കൂൾ അതിന്റെ എഴുപത്തൊന്നാം വാർഷികാഘോഷം ഇങ്ങനെ സംഘടിപ്പിച്ചത്.

തുടർന്ന് ഇടുക്കി പ്രസ് ക്ലബ്ബിന്റെ വളരെ ശ്രദ്ധേയമായ മീഡിയാ ക്ലബ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. പത്ര – ദൃശ്യ മാദ്ധ്യമ രംഗത്തെ പ്രമുഖർ നയിക്കുന്ന ക്ളാസ്സുകളിലൂടെ ജേർണലിസത്തിന്റെ ആദ്യ പാഠങ്ങൾ കുട്ടികളെ പഠിപ്പിക്കുകയെന്ന മഹത്തായ ലക്ഷ്യത്തോടെ തുടങ്ങുന്ന മീഡിയ ക്ലബ്ബിന് മുതിർന്ന മാധ്യമ പ്രവർത്തകനും ശ്രദ്ധേയനായ അവതാരകനുമായ സനീഷ് ഇളയിടത്താണ് സ്കൂളിൽ തുടക്കം കുറിച്ചത്. അദ്ധ്യാപകനായും 14 വർഷക്കാലം പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ആയും സ്കൂളിനെ ഉന്നതിയിലേക്കു നയിച്ച കെ. അനിലിന് ഉചിതമായ യാത്രയയപ്പും നൽകി.

സ്കൂളിലെ എസ്.പി.സി യൂണിറ്റിലെ കുട്ടികൾക്ക് അങ്ങേയറ്റം മികവോടെ പരിശീലനം നൽകിയ, ഈ വർഷം പോലീസ് സേനയിൽ നിന്നും പിരിയുന്ന സബ് ഇൻസ്പെക്ടർ എം.ആർ. കൃഷ്ണൻ നായരെയും 23 വർഷമായി സ്കൂളിലെ കുട്ടികൾക്ക് മികവുറ്റ രീതിയിൽ ഹാൻഡ് ബോളിൽ പരിശീലനം സംഘടിപ്പിക്കുകയും ഉന്നത വിജയം നേടിക്കൊടുക്കുകയും ചെയ്തു വരുന്ന ഇടുക്കി ജില്ല ഹാൻഡ് ബോൾ അസോസിയേഷൻ സെക്രട്ടറി റഫീക്ക് പള്ളത്തു പറമ്പിലിനേയും സ്നേഹോപഹാരം നൽകി സ്കൂൾ ആദരിച്ചു. അതിനു ശേഷം കുട്ടികളുടെ കലാ പരിപാടികളും നടത്തി. പി.ടി.എ പ്രസിഡന്റ് പി.ജി. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജർ ആർ. കെ. ദാസ് സ്വാഗതവും, ഹെഡ്മാസ്റ്റർ എസ്. സാവിൻ കൃതജ്ഞതയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *