പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതിൻറെ വേദന തിരിച്ചറിഞ്ഞവരാണു താനും പ്രിയങ്കയുമെന്നു രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ചു സംസാരിക്കുമ്പോഴാണ് പിതാവ് രാജീവ് ഗാന്ധി വധത്തെക്കുറിച്ചുള്ള ഓർമ പങ്കുവച്ചത്. പുൽവാമ ആക്രമണത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദന മനസിലാക്കാൻ സാധിക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. ശ്രീനഗറിൽ കനത്ത മഞ്ഞു വീഴ്ച്ചയക്കിടെയായിരുന്നു സമാപനസമ്മേളനം. കശ്മീരികളുടെ വേദന തനിക്കു മനസിലാവും. ഉറ്റവരുടെ മരണമറിയിക്കുന്ന സന്ദേശവുമായി വരുന്ന ഫോൺ കോളുകൾ നൽകുന്ന ആഘാതവും വേദനയും അനുഭവിക്കുന്നവരാണ് കശ്മീരികൾ. തൻറെ ജീവിതത്തിലും അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് രാഹുൽ പറഞ്ഞു.
ഭാരത് ജോഡോ യാത്ര കശ്മീരിലെത്തുമ്പോൾ സുരക്ഷാ മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ കശ്മീരിലെ ജനങ്ങൾ ഹൃദയം നിറഞ്ഞു സ്‌നേഹിച്ചു. താൻ നടന്നതു പോലെ കശ്മീരിലൂടെ നടക്കാൻ ബിജെപി നേതാക്കൾക്കു കഴിയില്ല. യാത്രയിലുടനീളം ജനങ്ങൾ തനിക്കൊപ്പമുണ്ടായിരുന്നെന്നും, നിരവധി മനുഷ്യരുടെ അനുഭവങ്ങളിലൂടെ കടന്നു പോകാനായി എന്നും രാഹുൽ ഓർമിച്ചു.