കൊച്ചി: കാക്കനാട് തുതിയൂരിൽ ലഹരി മാഫിയക്കെതിരെ എക്സൈസിൻറെ സർജിക്കൽ സ്ട്രൈക്ക്. തുതിയൂരിൽ തമ്പടിച്ചു ലഹരി വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. കാക്കനാട് നിലംപതിഞ്ഞ മുകൾ സ്വദേശി ലിയോൺ റെജി (23) ആണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിൻറെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ യും 3 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ “സൈബീരിയൻ ഹസ്കി’ എന്ന വിദേശയിനം നായയെ ഉപയോഗിച്ച് അപായപ്പെടുത്താനും ശ്രമിച്ചു. ഒരാഴ്ച മുൻപാണു തുതിയൂർ സെൻറ് ജോർജ് കപ്പേള റോഡിലെ വീട്ടിൽ ഐടി ഉദ്യോഗസ്ഥനെന്ന വ്യാജേന ഇയാൾ വാടകയ്ക്ക് താമസം തുടങ്ങിയത്.
ഇയാൾ താമസിക്കുന്ന മുറിയിൽ തന്നെയാണ് നായയേയും പാർപ്പിച്ചിരുന്നത്.താമസം തുടങ്ങിയ അന്നു മുതൽ മുറിക്ക് പുറത്തിറങ്ങിയിരുന്നില്ല. നായയെ പേടിച്ച് ആരും അന്വേഷിച്ച് ചെല്ലാറുമില്ല. മയക്ക് മരുന്ന് ആവശ്യമുള്ളവർ ഓൺലൈൻ മുഖേന പണം നൽകിയാൽ ഇയാൾ ലൊക്കേഷൻ അയച്ച് നൽകുകയും വീട്ടിൽ തന്നെ ഇടപാട് നടത്തിവരികയുമായിരുന്നു. ഇയാളിൽ നിന്ന് മയക്ക് മരുന്ന് വാങ്ങി പിടിയിലായ യുവാവിൽ നിന്നു ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ സിറ്റി മെട്രൊ ഷാഡോയും ഇൻറലിജൻസ് വിഭാഗവും സ്ഥലത്തെത്തിയെങ്കിലും നായയെ മുറിയിൽ അഴിച്ച് വിട്ടിരിക്കുന്നതിനാൽ അകത്ത് പ്രവേശിക്കുവാൻ കഴിഞ്ഞില്ല.