തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിൻറെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നു മുതൽ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കും. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത എന്നാണ് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറുകളിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മുന്നറിയിപ്പുണ്ട്. തെക്കൻ, മധ്യ കേരളത്തിലെ കിഴക്കൻ മേഖലകളിലാകും കൂടുതൽ മഴ ലഭിക്കുക.
വടക്കൻ ജില്ലകളിൽ വൈകിട്ട് ചെറിയ തോതിലും മഴ ലഭിക്കും. തിരുവനന്തപുരത്തിന് സമാന്തരമായി കിഴക്ക് ബംഗാൾ ഉൾക്കടലിലാണ് നിലവിൽ തീവ്ര ന്യൂനമർദ്ദം. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെയോടെ ശ്രീലങ്കയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.