മാനിവയൽ(കൽപ്പറ്റ): മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ കണ്ണീരോർമക്കിടയിലും അനീഷിനും ഭാര്യക്കും അതിജീവനകരുത്ത് പകർന്ന് ഡി.വൈ.എഫ്.ഐ. മൂന്ന് മക്കൾ, അമ്മ, വീട്, ജീവനോപാധിയായ ജീപ്പടക്കം സർവതും ദുരന്തംകൊണ്ടുപോയ അനീഷിന് പുതിയ ജീപ്പ് നൽകിയാണ് ഡി.വൈ.എഫ്.ഐ തണലായത്.
വിനോദ സഞ്ചാരകേന്ദ്രമായ തൊള്ളായിരം കണ്ടിയിൽ ജീപ്പോടിച്ചാണ് ഈ യുവാവ് കുടുംബം പോറ്റിയിരുന്നത്. മാനിവയലിലെ വാടകവീട്ടിലുള്ള അനീഷിന്റെ പ്രയാസം മനസ്സിലാക്കിയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ജീപ്പ് വാങ്ങിനൽകാൻ തീരുമാനിച്ചത്.
അനീഷിന്റെ താൽപ്പര്യംകൂടി പരിഗണിച്ചു. വിഷമഘട്ടത്തിൽ തുണയേകിയതിന് അനീഷും ഭാര്യയും ഡി.വൈ.എഫ്.ഐക്ക് നന്ദിപറഞ്ഞു. മാനിവയലിൽ നടന്ന ചടങ്ങിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സെക്രട്ടറി വി.കെ സനോജ് എന്നിവർ ചേർന്ന് താക്കോൽ കൈമാറി. ജില്ലാ പ്രസിഡന്റ് കെ.എം ഫ്രാൻസിസ്, സെക്രട്ടറി കെ റഫീഖ് എന്നിവരും പങ്കെടുത്തു.