Timely news thodupuzha

logo

പാലാ ജൂബിലിക്കെതിരായ വ്യാജ വാർത്ത മതസ്പർദ്ധ ഉണ്ടാക്കാൻ ലക്ഷ്യം വച്ചെന്ന് പാലാ കുരിശുപള്ളി കമ്മറ്റി അംഗങ്ങൾ

പാലാ: പാലായുടെ അഭിമാന ഉത്സവമായ പാലാ ജൂബിലി ആഘോഷങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മതസ്പർധ പരത്തുന്ന വിധമുള്ള വ്യാജ പ്രചരണങ്ങളുടെ പേരിൽ പ്രാദേശിക ഓൺലൈൻ വെബ്സൈറ്റിനെതിരെ പരാതി. പാലാ കുരിശുപള്ളി കമ്മറ്റി അംഗങ്ങളാണ് പാലാ ഡി.വൈ.എസ്‌.പിക്കും കോട്ടയം സൈബർ സെല്ലിനും പരാതി നൽകിയിരിക്കുന്നത്.

പാലായിലെ പ്രമുഖ ദേവാലയങ്ങളായ കത്തീഡ്രൽ, ളാലം പഴയ പള്ളി, പുത്തൻ പള്ളി വികാരിമാർ അംഗങ്ങളായ കുരിശുപള്ളി കമ്മറ്റി കഴിഞ്ഞ ദിവസം വ്യാജ പ്രചരണങ്ങൾ നിഷേധിച്ച് രംഗത്തുവരികയും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിശദീകരണ കുറിപ്പ് പുറത്തിറക്കിയിരുന്നു.

വ്യാജ പ്രചാരണങ്ങളെ നിയമപരമായിതന്നെ നേരിടുമെന്ന് കുരിശുപള്ളി കമ്മിറ്റി പ്രസിഡൻറ് വാർത്താകുറിപ്പും ഇറക്കിയിരുന്നു. ദീപിക ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഏറെ ഗൌരവത്തോടെയാണ് ഈ വാർത്ത ഏറ്റെടുക്കുകയും ചെയ്തത്.

ലക്ഷ്യം മതസ്പർദ്ധയോ ?

പാലാ ജൂബിലി തിരുനാളിനോടനുബന്ധിച്ച് നടത്തപ്പെടാറുള്ള ഘോഷയാത്രയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കുരിശുപള്ളി കമ്മറ്റി ഈ വർഷം നടത്തിയ ക്രമീകരണങ്ങളുടെ പേരിലായിരുന്നു പ്രാദേശിക ഓൺലൈൻ വെബ്സൈറ്റിൽ വ്യാജ വാർത്ത പ്രസിദ്ധീകരിക്കുകയും ഇവ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്തത്.

പാലാ കുരിശുപള്ളി കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പാലാ ജൂബിലി അട്ടിമറിയ്ക്കാൻ രണ്ട് ഇതര സമുദായങ്ങളിൽ നിന്നും ഇടപെടലുണ്ടായി എന്ന ദു:സൂചനകളോടെയായിരുന്നു വാർത്ത. ഇത് വിശ്വാസികൾക്കിടയിലും ഏറെ ആശങ്കയുണ്ടാക്കി. മതമൈത്രി ആഗ്രഹിക്കാത്ത കുരിശുപള്ളി കമ്മിറ്റിയിലെ ഒരു വിഭാഗം ക്രൈസ്തവ നേതാക്കൾ ജൂബിലി ആഘോഷങ്ങൾക്ക് തുരങ്കം വയ്ക്കാൻ ശ്രമം നടത്തി എന്നായിരുന്നു വാർത്തയിലെ ആരോപണം.

ഈ സാഹചര്യം ഏറെ ഗൗരവത്തോടെ കണ്ട പാലായിലെ പ്രമുഖ ദേവാലയങ്ങളിലെ വൈദികർകൂടി ഉൾപ്പെട്ട കുരിശുപള്ളി കമ്മറ്റി ഉടൻതന്നെ വ്യാജ പ്രചരണങ്ങൾക്കെതിരെ വിശദീകരണവുമായി രംഗത്തുവരികയും നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിക്കുയും ചെയ്തു.

എന്നാൽ പരാതി നല്കിയ ശേഷവും കുരിശുപള്ളി കമ്മിറ്റിക്കെതിരെ നിരന്തരം വ്യാജ വാർത്തകൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയാണ് ഈ വെബ്സൈറ്റ്. വ്യാഴാഴ്ചയും ഇതേ വാർത്ത ഈ വെബ്സൈറ്റ് ആവർത്തിച്ചിരിക്കുകയാണ്. പോലീസിന് സ്വമേധയാ കേസെടുക്കാവുന്ന ഗൌരവ സ്വഭാവമുള്ളതാണ് ഇതിലെ പല പരാമർശങ്ങളും എന്നതാണ് ശ്രദ്ധേയം. ഹിന്ദു – ക്രിസ്ത്യൻ വിഭാഗീയത സൃഷ്ടിക്കാൻ പോന്നതാണ് ഇന്നത്തെ വാർത്തയിലെ പരാമർശങ്ങൾ.

ക്ഷേത്രത്തിനെതിരെയും വ്യാജവാർത്ത 

ഏതാനും നാളുകൾക്ക് മുൻപ് പാലായിലെ മുരിക്കുംപുഴ ദേവീക്ഷേത്രത്തിനെതിരെയും സമാന രീതിയിൽ വ്യാജ വാർത്ത പുറത്തുവിട്ട് നിയമനടപടി നേരിട്ട വെബ്സൈറ്റ് ആണ് ഇപ്പോൾ പാലാ ജൂബിലിക്കെതിരെയും വ്യാജ പ്രചരണം നടത്തിയിരിക്കുന്നത്.

അന്ന് ദേവീക്ഷേത്ര കമ്മറ്റി ഇയാൾക്കെതിരെ പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. മതസ്പർധ പരത്തുന്നവിധമുള്ള വാർത്ത പ്രസിദ്ധീകരിച്ചു എന്നായിരുന്നു മുരിക്കുംപുഴ ക്ഷേത്ര കമ്മറ്റിയുടെയും പരാതി.

വ്യാജ വാർത്തകളും ഭീഷണി പിരിവും !

പാലായിലെ ആരാധനാലയങ്ങളുടെ പേരിൽ വ്യാജവാർത്തകൾ നൽകി കേസിലകപ്പെട്ട വെബ്സൈറ്റിനെതിരെ മുൻപ് ജനപ്രതിനിധികളിൽ നിന്നും വാർത്തകൾ നൽകുമെന്ന് ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തിയതായും പരാതി ഉണ്ടായിരുന്നു.

കോട്ടയം ജില്ലയിലെ ഒരു ജനപ്രിയ ജില്ലാ പഞ്ചായത്ത് മെമ്പറാണ് അന്ന് വെബ്സൈറ്റ് നടത്തിപ്പുകാരനെതിരെ പരാതി നൽകിയത്. വാർത്ത നൽകാതിരിക്കണമെങ്കിൽ 5000 രൂപ നൽകണമെന്നാവശ്യപ്പെട്ടുവെന്നും പണം നൽകാതെ വന്നതോടെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യം നാൽകാത്തതിന്റെ പേരിൽ ഭീഷണിപ്പെടുത്തിയ സംഭവങ്ങളിൽ ഇയാൾക്കെതിരെ പരാതി നല്കാൻ ഒരുങ്ങുകയാണ് ചില സ്ഥാപന ഉടമകൾ. 

ഒരു സുപ്രഭാതത്തിൽ മാധ്യമപ്രവർത്തകൻ  

പാലായിൽ ചെറിയ ജോലികൾ ചെയ്തുവന്നിരുന്ന ഈ വെബ്സൈറ്റ് നടത്തിപ്പുകാരൻ രണ്ടോ മൂന്നോ വർഷം മുമ്പാണ് പത്രപ്രവർത്തകനെന്ന കുപ്പായവും അണിഞ്ഞ് ഒരു  വെബ്സൈറ്റുമായി രംഗത്തെത്തിയത്. പ്രതിദിനം ഒന്നരലക്ഷം വായനക്കാർ ഉണ്ടെന്ന് പറഞ്ഞാണ് സ്ഥാപനങ്ങളിലെത്തി പിരിവും പരസ്യവും ആവശ്യപ്പെടുന്നത്.

ദിവസം 3300 വായനക്കാർ എങ്കിലും ഉള്ള ഓൺലൈൻ മാധ്യമങ്ങൾക്ക് സംസ്ഥാന സർക്കാർ മീഡിയ ലിസ്റ്റിൽ അംഗത്വം നൽകാൻ തീരുമാനിച്ചപ്പോൾ അതിലേയ്ക്കായി ഈ വെബ്സൈറ്റ് അപേക്ഷിക്കുകയും 3000 വായനക്കാർ പോലുമില്ലെന്ന് കണ്ടെത്തിയതിനാൽ അപേക്ഷ നിരസിക്കുകയും ചെയ്തിരുന്നു. അതിനുശേഷവും ഒന്നര ലക്ഷത്തിൻറെ കണക്കും പറഞ്ഞാണ് ആളുകളെ സമീപിക്കുന്നത്. 

മാധ്യമ പ്രവർത്തനം സംബന്ധിച്ചു പ്രാഥമിക ധാരണകൾ പോലുമില്ലാതെയാണ് ഇയാളുടെ വെബ്സൈറ്റിൽ വരുന്ന പല വാർത്തകളും. പാലാ ജൂബിലിയുടെപേരിൽ വ്യാജ വാർത്ത നൽകിയതും കമ്മിറ്റിയിലെ ചില അംഗങ്ങൾ ഇയാളോട് ഫോണിൽ ചില വിവരങൾ പറഞ്ഞു എന്നതിൻറെ പേരിലാണെന്നാണ് വിവരം. 

ഫോണിൽ ആളുകൾ മാധ്യമ പ്രവർത്തകരോട് പല കാര്യങ്ങളും പറയുക സ്വാഭാവികമാണ്, എന്നാൽ അത് പ്രസിദ്ധീകരണ യോഗ്യമാണോ എന്നത് മാധ്യമ ധർമത്തിൻറെയും നടപടി ക്രമങ്ങളുടെയും ഒക്കെ അടിസ്ഥാനത്തിൽ മാധ്യമങ്ങളാണ് തീരുമാനിക്കേണ്ടത്. വാർത്ത തെറ്റെങ്കിൽ വാർത്തയ്ക്ക് സമാധാനം പറയേണ്ടതും മാധ്യമ ഉടമ മാത്രമാണ്. അല്ലെങ്കിൽ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും എന്നും ഉറപ്പ്.

അംഗീകാരമില്ലാതെ വെബ്സൈറ്റുകൾ

കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിൻറെയോ സംസ്ഥാന പിആർഡിയുടെയോ യാതൊരു അംഗീകാരവും ഇല്ലാതെയാണ് ഇത്തരം ഓൺലൈൻ വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നതും സ്ഥാപനങ്ങളെ സമീപിച്ച് പരസ്യങ്ങളും മറ്റും ആവശ്യപ്പെടുന്നതും.

പ്രാദേശിക തലത്തിൽ രൂപപ്പെടുന്ന ഇത്തരം വെബ്സൈറ്റുകൾ പരസ്യദാതാക്കൾക്കും പൊതുപ്രവർത്തകർക്കും എതിരെ അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതും അതിൻറെ പേരിൽ വൻതുക ഈടാക്കുന്നതും പതിവാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ഇൻറലിജൻസ് വിഭാഗം അടുത്തിടെ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. 

ഇതുപോലെ പെയിൻറിങ്ങും മൈക്കാട് ജോലിയുമൊക്കെയായി നടക്കുന്ന ചില വിരുതന്മാർ ഇപ്പോൾ പ്രാദേശിക അടിസ്ഥാനത്തിൽ ഇത്തരം വെബ്സൈറ്റുകളുമായി രംഗത്ത് വരികയും പണപ്പിരിവ് തൊഴിലാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ആക്ഷേപമുണ്ടായത് .

നടപടിക്കൊരുങ്ങി സർക്കാർ

ഇത്തരം പല വെബ്സൈറ്റുകൾക്കും പിന്നിൽ സാമൂഹ്യവിരുദ്ധരും ക്വട്ടേഷൻ സംഘങ്ങളുമാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിൻറെ മുന്നറിയിപ്പ്.

ഇതിൽ സർക്കാർ നടപടിക്കൊരുങ്ങുന്നതിനിടെയാണ് പാലായിലേതുപോലെ മതസ്പർധ പരത്തുന്ന രീതിയിൽ വ്യാജപ്രചരണവും പണപ്പിരിവുമായി ഇത്തരം വെബ്സൈറ്റുകൾ വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന ആവശ്യം മാധ്യമലോകത്തുനിന്നും ഉയരുന്നുണ്ട്. പാലായിലെ പൊതുവികാരവും അനാസ്ഥ അവസാനിപ്പിച്ച് ഈ സംഭവത്തിൽ പോലീസ് കർശന നടപടി സ്വീകരിക്കണമെന്നാണ്.

Leave a Comment

Your email address will not be published. Required fields are marked *