ഇടുക്കി: ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൻ അറക്കുളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ സംരഭകത്വ ശിൽപശാലയില ജനപങ്കാളിത്തം ശ്രദ്ധേയമായി. പുതിയ സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുള്ളവർക്കും നിലവിൽ സംരംഭങ്ങൾ ഉള്ളവർക്കും വേണ്ടിയായിരുന്നു ശിൽപശാല സംഘടിപ്പിച്ചത്.
കേന്ദ്ര, സംസ്ഥാന സർക്കാരുകള്ളടേയും വിവിധ സർക്കാർ ഏജൻസികളുടേയും പദ്ധതികളെക്കുറിച്ചും ഇതിനാവശ്യമായ ധനസഹായം സബ്സീഡി, മാർക്കറ്റിങ്ങ് അടക്കം സംരംഭങ്ങൾ തുടങ്ങുന്നവർക്കും നിലവിൽ സംരംഭങ്ങൾ നടത്തുന്നവർക്കും ഉള്ള മുഴുവൻ സംശയങ്ങൾക്കും ശിൽപശാലയിൽ മറുപടി ലഭിച്ചു. ഹാൾ നിറഞ്ഞ് നൂറ് കണക്കിന് ആൾക്കാരാണ് ശിൽപശാലയിൽ എത്തിച്ചേർന്നത്.
ഗ്രാമ പഞ്ചായത്ത് മെമ്പർ പി.എ വേലുക്കുട്ടൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ശിൽപശാല അറക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ബ്ലോക്ക് വ്യവസായ ഓഫീസർ വി.എസ് രാജേഷ് ശിൽപശാലയിൽ പദ്ധതി വിശദീകരണവും സംശയ നിവാരണങ്ങളും നടത്തി. വ്യവസായ വകുപ്പ് പ്രതിനിധികളായ എബിൻ ജോളി സ്വാഗതവും കീർത്തി നന്ദിയും രേഖപ്പെടുത്തി.