ഹൈദരബാദ്: 30 വയസുള്ള മകൻ മരിച്ചതറിയാതെ കാഴ്ച പരിമിതിയുള്ള വയോധികരായ മാതാപിതാക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാല് ദിവസം. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് യുവാവ് മരിച്ചെന്ന് ബോധ്യപ്പെടുന്നത്.
ഹൈദരബാദിലാണ് സംഭവം. വയോധികരായ മാതാപിതാക്കൾ ഭക്ഷണത്തിനും വെള്ളത്തിനുമായി മകനെ വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. വയോധികരായതിനാൽ തന്നെ അവരുടെ ശബ്ദം ദുർബലമായതുകൊണ്ടാകാം അയൽക്കാരും കേൾക്കാതെ പോയതെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് വീട്ടിലെത്തിയപ്പോൾ വയോധികർ അർധബോധാവസ്ഥയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൊലീസ് എത്തിയാണ് ഇവർക്ക് വെള്ളവും ഭക്ഷണവും നൽകിയത്.
മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും പൊലിസ് കൂട്ടിച്ചേർത്തു. ദമ്പതികളുടെ മൂത്ത മകനെ വിവരം അറിയിക്കുകയും മാതാപിതാക്കളെ അയാളുടെ സംരക്ഷണത്തിലാക്കിയതായും പൊലീസ് പറഞ്ഞു.