തിരുവനന്തപുരം: സി.പി.എമ്മിനെയും ഇ.പിയെയും പ്രതിരോധത്തിലാക്കിയ ആത്മകഥാ വിവാദത്തിൽ ഇ.പി ജയരാജൻ നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്. ഡി.ജി.പിക്ക് നൽകിയ പരാതി ക്രമസമാധാന ചുമതയുള്ള എ.ഡി.ജി.പിക്ക് കൈമാറി. തനിക്കെതിരേ ഗൂഢാലോചന നടത്തി, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു തുടങ്ങിയവ ചൂണ്ടിക്കാട്ടി ഇ-മെയിലിലൂടെയാണ് ഇ.പി ജയരാജൻ ഇന്നലെ ഡി.ജി.പിക്ക് പരാതി നൽകിയത്.
വിവാദത്തിന് പിന്നാലെ തന്നെ ഡി.സി ബുക്സിന് ഇ.പി വക്കീൽ നോട്ടീസ് അയച്ചിരുന്നു. ആത്മകഥ ആര്‍ക്ക് പ്രസിദ്ധീകരണത്തിന് നല്‍കണമെന്ന ആലോചനയ്ക്കിടെ, സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും തന്‍റെ കക്ഷിയെ തേജോവധംചെയ്യാനും ഉദ്ദേശിച്ചാണ് ഡി.സി ബുക്സ് വിവരങ്ങൾ പ്രസിദ്ധീകരിച്ചതെന്ന് നോട്ടീസിൽ പറയുന്നു. പുറത്ത് വിട്ട എല്ലാ പോസ്റ്റുകളും ആത്മകഥാഭാഗങ്ങളും പിൻവലിച്ച് ഡി.സി ബുക്സ് നിർവ്യാജം ഖേദം പ്രകടിപ്പിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.