Timely news thodupuzha

logo

കോതമംഗലം കുട്ടമ്പുഴയിൽ കാട്ടിനുള്ളിൽ വഴിതെറ്റിയ സമയത്ത് ആന ആക്രമിക്കാൻ ശ്രമിച്ചതായി രക്ഷപെട്ട സ്ത്രീകൾ

കോതമംഗലം: ആ രാത്രി ഒരിക്കലും മറക്കില്ലെന്ന് കുട്ടമ്പുഴയിലെ കാട്ടിൽ അകപ്പെട്ട് പുറത്തുവന്ന മൂവർ സംഘം. രാത്രി മുഴുവൻ പേടിച്ചാണ് പാറയിലിരുന്നത്.

കുട്ടമ്പുഴയിൽ പശുവിനെ തെരഞ്ഞ് കാട്ടിനുള്ളിൽ വഴിതെറ്റിയ സമയത്ത് ആന ആക്രമിക്കാൻ ഓടിച്ചതായി രക്ഷപ്പെട്ട സ്ത്രീകൾ. പാറപ്പുറത്ത് കയറിയാണ് രക്ഷപ്പെട്ടതെന്നും ചുറ്റിലും നിന്ന് ആന ബഹളം ഉണ്ടാക്കിയതോടെ വ്യാഴാഴ്ച രാത്രി മുഴുവൻ അനങ്ങാതെ ഇരുന്നതായി ഡാർളി സ്റ്റീഫൻ പറഞ്ഞു.

പശുവിനെ തെരഞ്ഞ് പോയപ്പോൾ ചെക്ക് ഡാം വരെ വഴി നിശ്ചയമുണ്ടായിരുന്നു. പിന്നീടാണ് വഴിതെറ്റിയതെന്ന് പാറുക്കുട്ടി പറഞ്ഞു. മുന്നോട്ടുപോകേണ്ട ഞങ്ങൾ പിന്നാക്കം പോയി.

അങ്ങനെയാണ് വഴിതെറ്റിയത്. വ്യാഴാഴ്ച രാത്രി മുഴുവൻ ഉറങ്ങിയിട്ടില്ല. പ്രാർഥിക്കുകയായിരുന്നു. പുരയുടെ അത്രയും വലിപ്പമുള്ള പാറയുടെ മുകളിൽ കയറിയാണ് ഇരുന്നത്. ആനയ്ക്ക് പിടിക്കാൻ കഴിയുന്നതിലും അകലെയായിരുന്നു.

ആന പിടിക്കാൻ വന്നാൽ മാറാനുള്ള സൗകര്യം പാറയുടെ മുകളിൽ ഉണ്ടായിരുന്നു. അടുത്ത് ആളിരുന്നാലും കാണാൻ കഴിയാത്ത അത്രയും കൂരിരിട്ടായിരുന്നു. അടുത്ത് ആളുണ്ടോ എന്ന് തപ്പി നോക്കേണ്ട അവസ്ഥയായിരുന്നു. രാത്രി രണ്ടുമണി വരെ ചുറ്റിലും ആന ഉണ്ടായിരുന്നു. വഴിതെറ്റി നടന്നുപോകുന്നതിനിടെ ആന ഓടിച്ചു.

ഒരു മരത്തിൻറെ പിന്നിൽ ഞങ്ങൾ മൂന്നുപേരും മറഞ്ഞിരുന്നു. മിണ്ടരുതെന്ന് പറഞ്ഞു. ആ സമയത്ത് ഒന്നു ഭയന്നുപോയി പാറുക്കുട്ടി പറഞ്ഞു. രാത്രിയിൽ വനത്തിൽ ഉച്ചത്തിൽ പേര് വിളിച്ച് തെരച്ചിലിനിടെ വിളിക്കുന്നത് കേട്ടിരുന്നു.

എന്നാൽ ആരാണെന്ന് തിരിച്ചറിയാൻ കഴിയാത്തത് കൊണ്ട് മൂവരും തിരിച്ച് മറുപടി പറയാതെ മിണ്ടാതിരിക്കുകയായിരുന്നു. നായാട്ട് സംഘമായിരിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു. മാളോക്കുടി മായാ ജയൻ, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരാണ് വഴിതെറ്റി കാട്ടിൽ കുടുങ്ങിയത്.

മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ഒടുവിൽ മായയുടെ മകൻ ഉൾപ്പെടുന്ന സംഘമാണ് കുട്ടമ്പുഴ വനത്തിനകത്ത് ആറു കിലോമീറ്റർ അകലെ അറക്കമുത്തി എന്ന സ്ഥലത്ത് നിന്ന് മൂവരെയും കണ്ടെത്തിയത്. മൂന്ന് പേരും സുരക്ഷിതരാണെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡിഎഫ്ഒ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *