കൊച്ചി: ഉമ തോമസ് എംഎൽഎയ്ക്ക് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൻറെ ഗ്യാലറിയിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ, പരിപാടിയുടെ ഇവൻറ് മാനെജരെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭരതനാട്യത്തിൽ ലോക റെക്കോഡ് സൃഷ്ടിക്കാൻ മൃദംഗനാദം സംഘടിപ്പിച്ച പരിപാടിയുടെ ഇവൻറ് മാനേജ്മെൻറിന് ഓസ്കാർ ഇവൻറ്സെന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
ഇതിൻറെ മാനെജർ കൃഷ്ണകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പൊലീസ്, കലൂർ സ്റ്റേഡിയത്തിൽ തെളിവെടുപ്പും നടത്തി. സ്റ്റേഡിയത്തിൻറെ ഗ്യാലറിയിലെ കസേരകൾക്കു മുകളിൽ കെട്ടിയുറപ്പിച്ച താത്കാലിക വേദി അത്യന്തം അപകടകരമായിരുന്നു എന്നാണ് വിലയിരുത്തൽ. മുന്നിൽ നിന്ന് വീഴാതിരിക്കാൻ ബാരിക്കേഡോ വേലിയോ പൊലെ ഒരു സജ്ജീകരണവും ഒരുക്കിയിരുന്നില്ല.
കൃഷ്ണകുമാർ തന്നെയാണ് ഉമ തോമസിനെ വേദിയിലേക്ക് സ്വീകരിച്ചു കൊണ്ടുപോയത്. ഇവിടെ റിബണിൽ പിടിച്ച എംഎൽഎ കാൽ വഴുതി 14 അടി താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. സ്റ്റേഡിയം നൃത്ത പരിപാടിക്ക് അനുവദിച്ചതല്ലാതെ സ്റ്റേജ് കെട്ടാൻ അനുമതി നൽകിയിരുന്നില്ലെന്നാണ് സ്റ്റേഡിയത്തിനെ ഉടമസ്ഥരായ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെൻറ് അഥോറിറ്റിയുടെ(ജി.സി.ഡി.എ) വാദം.
നിലവിളക്ക് കൊളുത്താനുള്ള സൗകര്യം മാത്രം ഒരുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നതെന്നും പറയുന്നു. വേദി മാത്രമല്ല, സ്റ്റേഡിയത്തിലേക്കുള്ള കവാടവും അപകടകരമായ രീതിയിലാണ് സജ്ജീകരിച്ചിരുന്നതെന്ന വിവരവും ഇതിനിടെ പുറത്തുവരുന്നുണ്ട്. ഏകദേശം 12,000 നർത്തകരാണ് പരിപാടിയിൽ പങ്കെടുത്തത്.
ഇവർക്കെല്ലാം അകത്തേക്കു കയറാനും പുറത്തേക്കിറങ്ങാനുമായി ഒരേയൊരു കവാടം മാത്രമാണ് തുറന്നിരുന്നത്. മന്ത്രി സജി ചെറിയാൻ, ഹൈബി ഈഡൻ എംപി, ജിസിഡിഎ അധ്യക്ഷൻ കെ. ചന്ദ്രൻപിള്ള, സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ എന്നിവരെല്ലാം ഉൾക്കൊള്ളുന്ന വേദിയിൽ വച്ചാണ് ഉമ തോമസിന് അപകടം സംഭവിച്ചത്.
എംഎൽഎ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുമ്പോഴും പരിപാടിയുമായി മുന്നോട്ടു പോയ സംഘാടകർ ഭരതനാട്യം പരിപാടിയിലൂടെ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംപിടിച്ച് സർട്ടിഫിക്കറ്റും കൈപ്പറ്റിയിരുന്നു. നടി ദിവ്യ ഉണ്ണിയാണ് നർത്തകർക്ക് നേതൃത്വം നൽകിയത്.