Timely news thodupuzha

logo

വിവാദ പോസ്റ്റ് പിൻവലിച്ച് ആൻറണി പെരുമ്പാവൂർ

കൊച്ചി: നിർമാതാക്കളായ സുരേഷ് കുമാറും ആൻറണി പെരുമ്പാവൂരും തമ്മിൽ ചർച്ച നടത്തിയതിനു പുറകേ സിനിമാ മേഖലയിലെ തർക്കത്തിന് പരിഹാരം. സുരേഷ് കുമാറിനെതിരേ ആൻറണി പെരുമ്പാവൂർ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച പോസ്റ്റ് പിൻവലിക്കാമെന്നും ധാരണയായി.

എമ്പുരാൻ എന്ന ബിഗ്ബജറ്റ് ചിത്രത്തെക്കുറിച്ചുള്ള സുരേഷ് കുമാറിൻറെ പരാമർശം വേദനിപ്പിച്ചെന്നും അതിനാലാണ് പോസ്റ്റ് ഇട്ടതെന്നും ആൻറണി പെരുമ്പാവൂർ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. സിനിമകളുടെ നിർമാണ ചെലവ് വൻതോതിൽ കൂടിയെന്നും താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.

അല്ലാത്ത പക്ഷം ജൂണിൽ സമരം നടത്തുമെന്നും മാർച്ചിൽ സൂചനാ സമരം നടത്തുമെന്നും ആയിരുന്നു മുന്നറിയിപ്പ്. നിർമാതാക്കളും വിതരണക്കാരും തിയറ്റർ ഉടമകളുമെല്ലാമടങ്ങുന്ന ഫിലിം ചേംബറും സിനിമാ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സമര പ്രഖ്യാപനത്തിൻറെ പശ്ചാത്തലത്തിൽ മാർച്ച് 25നു ശേഷം റിലീസ് ചെയ്യുന്ന ചിത്രങ്ങൾക്ക് ഫിലിം ചേംബറിൻറെ അനുമതി വാങ്ങിയതിന് ശേഷം മാത്രമേ കരാർ ഒപ്പിടാവൂ എന്നാണ് സിനിമാ സംഘടനകൾക്ക് ചേംബർ നിർദേശിച്ചിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ് ജി. സുരേഷ് കുമാറിനെതിരേ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിൽ എമ്പുരാൻറെ നിർമാതാവ് ആൻറണി പെരുമ്പാവൂരിനോട് വിശദീകരണം ചോദിച്ചിരുന്നു.

വിശദീകരണം നൽകാത്ത പക്ഷം നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ആൻറണി പെരുമ്പാവൂരിൻറെ പോസ്റ്റ് മോഹൻലാൽ പങ്കു വച്ചതും വിവാദങ്ങൾക്കിട വച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആൻറണി പെരുമ്പാവൂർ വിട്ടുവീഴ്ചയ്ക്ക് തയാറായത്.

Leave a Comment

Your email address will not be published. Required fields are marked *