തൃശൂർ: പൊന്നൂക്കരയിൽ 54 വയസുകാരൻറെ തല ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്തി. പൊന്നൂക്കര സ്വദേശി സുധീഷാണ് കൊല്ലപ്പെട്ടത്. ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണുവാണ്(38) സുധീഷിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വിഷ്ണുവിൻറെയും സുധീഷിൻറെയും പൊതു സുഹൃത്ത് സുകുമാരൻറെ വീട്ടിൽ വച്ചായിരുന്നു അക്രമണം.
15 വർഷം മുമ്പ് സുധീഷിൻറെ സഹോദരിയെ വിഷ്ണു കളിയാക്കിയിരുന്നു. മദ്യലഹരിയിൽ സുധീഷിന് ഇക്കാര്യം ഓർമ്മവന്നു. പിന്നീട് ഇതെച്ചൊല്ലി ഇരുവരും തർക്കമായി. തുടർന്ന് സുധീഷിൻറെ തല ഭിത്തിയിടിപ്പിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു.
മുതുകിൽ ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിവ് വരുത്തി. ചൊവ്വാഴ്ച വൈകിട്ട് പരുക്കേറ്റ സുധീഷ് ചികിത്സയിലിരിക്കെ ബുധനാഴ്ചയോടെ മരിക്കുകയായിരുന്നു. പ്രതി മദ്യ ലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.






