കൊച്ചി: പാതയോരത്ത് ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ സ്ഥിരമായോ താൽക്കാലികമായോ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്.
നിലവിൽ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള എല്ലാ കൊടിമരങ്ങളും നീക്കം ചെയ്യുന്നതിനുള്ള സർക്കാർ നയത്തിന്, 6 മാസത്തിനകം രൂപം നൽകണമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. കോടതി ഉത്തരവ് കർശനമായി പാലിക്കണമെന്ന് നിർദേശിച്ച് തദ്ദേശസ്വയംഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കുലർ നൽകണം.
തുടർന്ന് സ്വീകരിച്ച നടപടികളിലെ പുരോഗതി സംബന്ധിച്ച് റിപ്പോർട്ട് ഒരു മാസത്തിനകം ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പന്തളം മന്നം ഷുഗർമില്ലിന് മുന്നിൽ സിപിഎം, ബിജെപി, ഡിവൈഎഫ്ഐ തുടങ്ങിയവരുടെ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങൾ നീക്കുന്നത് സംബന്ധിച്ച ഹർജി തീർപ്പാക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനു പുറമേ, അപകടങ്ങൾക്കും ഈ കൊടിമരങ്ങൾ വഴിവയ്ക്കുന്നുണ്ട്. ഇതിനു തടയിടാനാണ് ഹൈക്കോടതി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.