ഇടുക്കി: ജില്ലയിൽ രണ്ടു റോഡുകളുടെ നവീകരണത്തിനായി പൊതുമരാമത്ത് വകുപ്പ് ആകെ 16 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഓഫീസ് അറിയിച്ചു.
വണ്ടിപ്പെരിയാർ- പശുമല- മ്ലാമല- തേങ്ങാക്കൽ- കിഴക്കേപ്പുതുവൽ- ഏലപ്പാറ റോഡിന്റെ നവീകരണത്തിനും തൊടുപുഴ- പിറവം റോഡിലെ കോലാനി- മാറിക സ്‌ട്രെച്ചിന്റെ നവീകരണത്തിനുമാണ് എട്ടുകോടി രൂപ വീതം അനുവദിച്ചത്. വണ്ടിപ്പെരിയാർ- ഏലപ്പാറ റോഡിലെ പത്തു കിലോമീറ്റർ റോഡിന്റെ അരികു സംരക്ഷണ ഭിത്തികൾ സാധാരണ സിമന്റ് കോൺക്രീറ്റിനുപകരം ഡിസാസ്റ്റർ റിസ്‌ക് മാനേജ്‌മെന്റ് സംവിധാനത്തിലൂടെയോ റീഇൻഫോഴ്‌സ്ഡ് സിമന്റ് കോൺക്രീറ്റ് സ്ട്രക്ചറുകളുപയോഗിച്ചോ നിര്‍മിക്കണമെന്ന ധനകാര്യവകുപ്പിന്റെ നിര്‍ദ്ദേശം പാലിച്ചായിരിക്കും സാങ്കേതികാനുമതി നല്‍കുക.





