Timely news thodupuzha

logo

കോഴിക്കോട് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ആൺസുഹൃത്തിനായുളള അന്വേഷണം ഊർജിതമാക്കി പൊലീസ്

കോഴിക്കോട്: ലോ കോളെജ് വിദ്യാർഥിനിയുടെ ആത്മഹത്യയിൽ ആൺസുഹൃത്തിനായുളള അന്വേഷണം ഊർജിതമാക്കി പൊലീസ്. തൃശൂർ പാവറട്ടി സ്വദേശിയായ മൗസ മെഹ്‌റിസിനെയാണ്(20) തിങ്കളാഴ്ച വൈകിട്ട് 3.30 ന് വാപ്പോളിത്താഴത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് സഹപാഠികളായ ആറു പോരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആൺസുഹൃത്തിനായി അന്വേഷണം ഊർജിതമാക്കിയത്. സുഹൃത്ത് മൗസയെ കെണിയിൽപെടുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നതായും യുവാവുമായി സൗഹൃദം ആരംഭിച്ച ശേഷം മറ്റുള്ളവരുമായുള്ള അടുപ്പം മൗസ കുറച്ചതായും മൗസയുടെ സുഹൃത്തുക്കൾ ഉൾപ്പടെ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.

മൗസയുടെ ഫോൺ മരിക്കുന്നതിൻറെ തലേദിവസം ഈ യുവാവ് കൈക്കലാക്കിയെന്നാണ് സംശയം. ലോ കോളെജിന് സമീപത്തെ കടയിൽ പാർട്ട് ടൈമായി ജോലി ചെയ്തിരുന്ന സമയത്താണ് മൗസ കോവൂർ സ്വദേശിയായ യുവാവിനെ പരിചയപ്പെട്ടതെന്നാണ് വിവരം. വിവാഹിതനായ ഇയാൾ ഇക്കാര്യം മറച്ചുവെച്ചാണ് മൗസയുമായി അടുപ്പം സ്ഥാപിച്ചത്.

ഇയാളുമായി പരിചയത്തിലായതോടെ മൗസ ജോലി ഉപേക്ഷിക്കുകയായരുന്നു. മരിച്ചതിൻറെ തലേദിവസം ഇയാൾ മൗസയുടെ വീട്ടിൽ വിളിച്ചതായും വിവാഹിതനും കുട്ടികളുടെ പിതാവാണെന്ന് അറിയിച്ചതായും സൂചനകളുണ്ട്.

ഇതിന് ശേഷം മൗസ മറ്റൊരു ഫോണിൽ നിന്നും അച്ഛനെ വിളിച്ച് ഫോൺ തകരാറിലാണെന്ന് പറയുകയും ഫോൺ നന്നാക്കിയ ശേഷം തിരിച്ചു വിളിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. മൗസയുടെ വീട്ടിലേക്ക് വിളിച്ചതിൻറെ ഫോൺ റെക്കോർഡ് ഇയാൾ തന്നെ പെൺകുട്ടിയ്ക്ക് അയച്ചുകൊടുത്തതായും അതിന് ശേഷം ഇയാൾ പെൺകുട്ടിയുടെ താമസ സ്ഥലത്ത് എത്തി ഫോൺ കൈവശപ്പെടുത്തിയെന്നുമാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചനകൾ.

Leave a Comment

Your email address will not be published. Required fields are marked *