Timely news thodupuzha

logo

കൂട്ടക്കൊലകളെല്ലാം ഫർസാനയോട് ഏറ്റുപറഞ്ഞിരുന്നു പിന്നാലെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചെന്ന് പ്രതി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി നടത്തിയ കൊലപാതകങ്ങൾ ഏറ്റുപറഞ്ഞ ശേഷമാണ് പെൺസുഹൃത്ത് ഫർസാനയെ കൊലപ്പെടുത്തിയതെന്ന് അഫാൻറെ മൊഴി.

കൂട്ടക്കൊല ഏറ്റുപറഞ്ഞപ്പോൾ ഇതെല്ലാം ചെയ്തിട്ട് നമ്മൾ എങ്ങനെ ജീവിക്കും എന്നായിരുന്നു ഫർസാന ചോദിച്ചതെന്നും എന്നാൽ ഇതിനു തൊട്ടുപിന്നാലെ ചുറ്റികയ്ക്ക് തലയ്ക്കടിക്കുകയായിരുന്നുവെന്നും അഫാൻ വെളിപ്പെടുത്തി.

അഫാൻറെ അറസ്റ്റിന് മുമ്പ് നടന്ന ചോദ്യം ചെയ്യലിൽ പാങ്ങോട് സിഐയോടാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അമ്മയാണെന്ന് എപ്പോഴും കുറ്റപ്പെടുത്തിയതാണ് പിതാവിൻറെ അമ്മ സൽമാബീവിയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നും പ്രതി അഫാൻ പറയുന്നു.

സ്വന്തം അമ്മയെ നിരന്തരം കുറ്റപ്പെടുത്തി സംസാരിച്ചതാണ് പിതാവിൻറെ അമ്മയോടുള്ള പ്രതികാരത്തിനു കാരണം. ഇത് തനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.

അതുകൊണ്ടു തന്നെ കൊല്ലണമെന്ന ഒറ്റ ഉദ്ദേശത്തിലാണ് പാങ്ങോട് സൽമാബീവിയുടെ വീട്ടിൽ എത്തിയതെന്നും സൽമാബീവിയോട് ഒരുവാക്കുപോലും സംസാരിക്കാൻ നിൽക്കാതെ കണ്ടയുടൻ തലയ്ക്കടിക്കുകയായിരുന്നു എന്നും അഫാൻ പറഞ്ഞു. തുടർന്ന് ഇവരുടെ ഒന്നര പവൻറെ മാല എടുത്ത് പണയം വച്ച് 74,000 രൂപ വാങ്ങി.

40,000 രൂപ കടം വീട്ടിയ ശേഷം നേരെ പിതൃസഹോദരൻറെ വീട്ടിലേക്കാണ് പോയത്. പിതൃസഹോദരൻ ലത്തീഫിൻറെ ഭാര്യ സാജിതയെ കൊല്ലാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ലത്തീഫിൻറെ കൊലപാതക വിവരം പുറത്തു പറയുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും അഫാൻ പൊലീസിന് മൊഴി നൽകിയെന്നാണ് വിവരം. അതേസമയം, അഫാൻറെ പിതാവ് അബ്ദുൽ റഹിം സൗദിയിൽ നിന്ന് നാട്ടിലെത്തി.

പാങ്ങോട്ടെത്തി കൊല്ലപ്പെട്ട ഉറ്റവരുടെ ഖബറിടങ്ങൾ സന്ദർശിച്ചു. പിന്നീട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമിയെയും കണ്ടു. റഹിമിൻറെ മാനസിക അവസ്ഥ പരിഗണിച്ച് ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

റഹിമിൻറെ മൊഴി കേസിൽ നിർണായകമാണ്. 65 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് അഫാൻ പറഞ്ഞത്. എന്നാൽ 15 ലക്ഷം രൂപ മാത്രമേ തനിക്കു ബാധ്യതയുള്ളുവെന്നാണ് റഹിമിം വ്യക്തമാക്കിയത്. ബാക്കി തുകയുടെ ബാധ്യത എങ്ങനെ ഉണ്ടായി എന്നതറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

Leave a Comment

Your email address will not be published. Required fields are marked *