തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻറെ (23) പിതാവ് അബ്ദുൽ റഹിം സൗദിയിൽ നിന്ന് നാട്ടിലെത്തി. തിരുവനന്തപുരത്തെത്തി. ദമാമിൽ നിന്നും 7.45നാണ് അദ്ദേഹം വിമാനത്താവളത്തിലെത്തിയത്.
നാട്ടിലെത്തിയ റഹീം ഡി.കെ. മുരളി എം.എൽ.എയുടെ ഓഫീസിലേക്കാണ് ആദ്യം പോയത്. ഇവിടെ നിന്ന് പാങ്ങോട്ടെത്തി കൊല്ലപ്പെട്ട ഉറ്റവരുടെ ഖബറിടങ്ങൾ സന്ദർശിച്ചു.
റഹീമിൻറെ ഇളയമകൻ, അമ്മ, സഹോദരൻ, സഹോദരഭാര്യ എന്നിവരെ ഖബറടക്കിയിരിക്കുന്നത് താഴേപാങ്ങോട്ടുള്ള ജുമാ മസ്ജിദിലാണ്. തുടർന്ന് കുടുംബാംഗങ്ങളെ കണ്ട ശേഷം ഗോകുലം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമിയെ കാണാനാണ് പോയത്. യാത്രാ രേഖകൾ ശരിയായതോടെയാണ് ഇദ്ദേഹം എത്തുന്നത്.
രണ്ടര വർഷം മുൻപ് ഇഖാമ കാലാവധി തീർന്നതോടെയാണ് അബ്ദുൽ റഹീമിന് സൗദിയിൽ യാത്രാവിലക്ക് നേരിടുകയായിരുന്നു. ഏഴ് വർഷം മുൻപാണ് അബ്ദുൽ റഹീം നാട്ടിൽവന്നത്. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് അബ്ദുൽ റഹീം ഇപ്പോൾ നാട്ടിലെത്തിയിരിക്കുന്നത്. ശേഷം റഹിമിൻറെ മാനസിക അവസ്ഥ പരിഗണിച്ച് ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
റഹിമിൻറെ മൊഴി കേസിൽ നിർണായകമാണ്. ഇത്രത്തോളം സാമ്പത്തിക ബാധ്യത കുടുംബത്തിന് എങ്ങനെ ഉണ്ടായി എന്നതടക്കമുള്ള വിവരങ്ങൾ റഹിമിൽനിന്നു പൊലീസ് ചോദിച്ചറിയും. 65 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് അഫാൻ പറഞ്ഞത്. എന്നാൽ 15 ലക്ഷം രൂപ മാത്രമേ തനിക്കു ബാധ്യതയുള്ളുവെന്നാണ് റഹിമിം വ്യക്തമാക്കിയത്. ബാക്കി തുകയുടെ ബാധ്യത എങ്ങനെ ഉണ്ടായി എന്നതറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.