പറ്റ്ന: കോൺഗ്രസ് നേതാവ് കനയ്യ കുമാർ ദർശനം നടത്തിയിറങ്ങിയതിനു പിന്നാലെ ക്ഷേത്രം ഗംഗാജലം കൊണ്ട് കഴുകി ശുദ്ധിയാക്കിയതായി റിപ്പോർട്ട്. ബിഹാറിലെ സഹർസയിലുള്ള ദുർഗാക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രം ശുദ്ധമാക്കുന്നതിൻറെ വീഡിയോ പുറത്തു വന്നതോടെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. ബിഹാറിൽ കുടിയേറ്റം ഇല്ലാതാക്കൂ, ജോലി നൽകൂ എന്നാവശ്യപ്പെട്ടുകൊണ്ടുള്ള റാലിയിൽ പങ്കെടുക്കുന്നതിനായാണ് കനയ്യ കുമാർ ബിഹാറിലെത്തിയത്.
ചൊവ്വാഴ്ച രാത്രിയോടെ അദ്ദേഹം ക്ഷേത്രത്തിൽ ദർശം നടത്തി. ക്ഷേത്ര പരിസരത്തെ മണ്ഡപത്തിൽ വച്ച് ജനങ്ങളുമായി സംസാരിച്ചതിനു ശേഷമാണ് മടങ്ങിയത്. അതിനു പിന്നാലെ നഗർ പഞ്ചായത്ത് വാർഡ് കൗൺസിലർ അമിത് ചൗധരിയുടെ നേതൃത്വത്തിൽ ഗംഗാജലം എത്തിച്ച് മണ്ഡപം അടിച്ചു കഴുകി. കനയ്യ കുമാർ രാജ്യവിരുദ്ധമായാണ് സംസാരിച്ചതെന്ന് ആരോപണമുയരുന്നുണ്ട്. വിഷയത്തിൽ കനയ്യ കുമാർ പ്രതികരിച്ചിട്ടില്ല.