ലഖ്നൗ: സ്വന്തം ഭാര്യയും കാമുകനുമായുള്ള വിവാഹം നടത്തി ഉത്തർപ്രദേശ് സ്വദേശി. ഉത്തർപ്രദേശിലെ കത്തർജോട്ട് ഗ്രാമത്തിലെ ബബ്ലു ആണ് ഭാര്യ രാധികയും പ്രദേശവാസിയായ വികാസുമായുള്ള വിവാഹം നടത്തിയത്. ഭാര്യമാർ ഭർത്താക്കന്മാരെ കൊല്ലുന്ന കാലമാണ്. അതു കൊണ്ട് ഭയമാണ്.
സ്വന്തം ജീവൻ ഉറപ്പാക്കാനായാണ് ഇത്തരമൊരു മാർഗം തെരഞ്ഞെടുത്തതെന്ന് ബബ്ലു പറയുന്നു. 2017ലാണ് ബബ്ലുവും രാധികയുമായുള്ള വിവാഹം നടന്നത്. ഇരുവർക്കും രണ്ട് മക്കളമുണ്ട്. മറ്റൊരു സംസ്ഥാനത്താണ് ബബ്ലു ജോലി ചെയ്തിരുന്നത്. അടുത്തിടെയാണ് ഭാര്യ പ്രദേശത്തുള്ള വികാസുമായി അടുപ്പത്തിലാണെന്ന് സംശയം തോന്നിയത്. അതോടെ ബബ്ലു നാട്ടിലെത്തി.
സംശയിച്ചത് സത്യമാണെന്ന് ഉറപ്പായതോടെ ആർക്കൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് ബബ്ലു രാധികയോട് ചോദിച്ചു. വികാസിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് രാധിക പറഞ്ഞതോടെ നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ചു വരുത്തി കാര്യങ്ങൾ അവതരിപ്പച്ചു.
ഹിന്ദു ആചാരപ്രകാരം ശിവക്ഷേത്രത്തിൽ വച്ച് ബബ്ലുവിൻറെയും കുട്ടികളുടെയും സാന്നിധ്യത്തിലാണ് വികാസും രാധികയും വിവാഹിതരായത്. വിവാഹശേഷം ബബ്ലു ഇരുവർക്കുമൊപ്പം ഫോട്ടോക്ക് പോസ് ചെയ്തിട്ടുമുണ്ട്. മക്കളെ താൻ വളർത്തുമെന്നും ബബ്ലു പറയുന്നു. മീററ്റിൽ ഭാര്യയും കാമുകനും ചേർന്ന് മെർച്ചൻറ് നേവി ഓഫിസറെ കൊന്ന് കഷ്ണങ്ങളാക്കി വീപ്പയിൽ ഇട്ട് അടച്ചിരുന്നു.
ആ സംഭവമാണ് തന്നെ ഭയപ്പെടുത്തിയതെന്നും ബബ്ലു. നിയമപരമായി രാധികയും ബബ്ലുവും ഇതുവരെ വിവാഹമോചിതരായിട്ടില്ല. പക്ഷേ നാട്ടുകാരുടെ സാനിധ്യത്തിലാണ് രാധികയും വികാസും വിവാഹിതരായത്. ആരും എതിർപ്പൊന്നും പറഞ്ഞില്ലെന്ന് ബബ്ലു.