ന്യൂഡൽഹി: പാക്കിസ്ഥാനും പാക് അധീന കശ്മീരിലുമുള്ള ഒമ്പത് ഭീകര ക്യാംപുകൾ ലക്ഷ്യമിട്ട് ഇന്ത്യൻ വ്യോമാക്രമണം. മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ മരിച്ചതായും തിരിച്ചടി നൽകുമെന്നും പാക്കിസ്ഥാൻ. ഭീകര ക്യാംപുകളെ ലക്ഷ്യമിട്ട പ്രിസിഷൻ സ്ട്രൈക്കുകളാണ് നടത്തിയതെന്ന് ഇന്ത്യയുടെ വിശദീകരണം.
അതേസമയം, മൂന്ന് സ്ഥലങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് പാക്കിസ്ഥാൻ പറയുന്നു. പാക് അധീന കശ്മീരിലും പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലും പല സ്ഥലങ്ങളിലും സ്ഫോടന ശബ്ദങ്ങൾ ഉയർന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ ആക്രമണം പ്രകോപനമാണെന്നും ഉചിതമായ സമയത്ത് തിരിച്ചടി നൽകുമെന്നുമാണ് പാക് സൈനിക വക്താവ് ലെഫ്. അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞത്.
ഓപ്പറേഷനിൽ പങ്കെടുത്ത ഓരോ ഇന്ത്യൻ വ്യോമസേനാ പൈലറ്റിനും തിരിച്ചടി നൽകുമെന്നും പാക്കിസ്ഥാൻ. ഓപ്പറേഷൻ സിന്ദൂർ എന്നാണ് സൈനിക നടപടിക്ക് ഇന്ത്യ പേരു നൽകിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി ഉടനീളം ഓപ്പറേഷൻ നിരീക്ഷിച്ചു.