ഇടുക്കി: നിസ്വാർത്ഥ സേവനത്തിന്റെ നാലര പതിറ്റാണ്ടിന് ശേഷം മലയോര ഗ്രാമമായ കുളമാവിനോട് യാത്ര പറയുകയാണ് ഗ്രാമത്തിന്റെ സ്വന്തം ഡോക്ടറമ്മയായ മേരി കളപ്പുരയെന്ന സിസ്റ്റർ ഡോക്ടർ ജോസഫൈൻ. 1979ലാണ് മൂലമറ്റം കളപ്പുര കുടുംബാംഗമായ സിസ്റ്റർ ജോസഫൈൻ കുളമാവ് എസ്.എച്ച് കോൺവെന്റിൽ എത്തുന്നത്. ജർമനിയിൽ നിന്നും മെഡിസിൻ പഠനം പൂർത്തിയാക്കിയ ഡോക്ടർ മേരി മുതലക്കോടം ഹോളി ഫാമിലി, കട്ടപ്പന സെന്റ് ജോൺസ് എന്നീ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദീർഘ നാളുകളായി മൂലമറ്റം ബിഷപ് വയലിൽ ആശുപത്രിയിൽ പാലിയേറ്റീവ് വിഭാഗത്തിൽ സേവനം ചെയ്തു വരികയാണ്.
1980, 1990കളിൽ ഏറെ പിന്നോക്കാമായിരുന്ന കുളമാവ് ഗ്രാമത്തിലെ മഠത്തിനോട് ചേർന്ന് സിസ്റ്റർ സ്ഥാപിച്ച സെന്റ് ജോസഫ്സ് ഡിസ്‌പെൻസറിയിലൂടെ ഡോക്ടർ മേരിയുടെ സേവനം ആയിരക്കണക്കിന് ആളുകളിലേക്കെത്തി. ഡോക്ടർ തുടങ്ങിയ സേവന തയ്യൽ യൂണിറ്റ് എന്ന തയ്യൽ പരിശീലന സ്ഥാപനത്തിലൂടെ നൂറുകണക്കിന് പെൺകുട്ടികളാണ് അക്കാലത്തു സ്വയം തൊഴിൽ കണ്ടെത്തിയത്. സാധാരണക്കാരായ പെൺകുട്ടികൾക്കു തയ്യൽ മിഷ്യനുകൾ നൽകിക്കൊണ്ട് ധാരാളം പേരെ സംരംഭകരാക്കി മാറ്റി. ടോയ്ലറ്റ് ഇല്ലാതിരുന്ന എല്ലാവർക്കും ടോയ്‌ലെറ്റുകളും നിരവധി വീടുകളും ഡോക്ടർ നിർമ്മിച്ചു നൽകി.
നാടുകാണിയിലെ തന്റെ ഡിസ്‌പെൻസറിയുടെ ശാഖയിലൂടെ ഗോത്ര ജനത ഏറെയുള്ള നാടുകാണി, കോഴിപ്പള്ളി ഗ്രാമങ്ങളിലും ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും തന്റെ സേവനം എത്തിക്കാൻ ഡോക്ടർ പ്രയത്നിച്ചു. ഡോക്ടറുടെ മേൽനോട്ടത്തിലുള്ള പാലിയേറ്റീവ് യൂണിറ്റ് നിരവധി കാൻസർ രോഗികൾക്ക് വീടുകളിലെത്തി സ്വാന്ത്വനവും പരിചരണവും നൽകി. ഒരു ഡോക്ടറുടെ സേവനം വേണ്ടി വരുമ്പോൾ കുളമാവ് ഗ്രാമവാസികൾ കിലോമീറ്ററുകളോളം യാത്ര ചെയ്ത് മൂലമറ്റത്ത് എത്തേണ്ട അവസ്ഥയ്ക്ക് ഇന്നും മാറ്റമില്ലാതിരിക്കുമ്പോഴാണ് ഏതൊരവസരത്തിലും ഓടിയെത്താവുന്ന ഡോക്ടർ മേരിയും കുളമാവിനെ വിട്ട് മൂലമറ്റം കോൺവെന്റിലേക്ക് വിശ്രമ ജീവിതത്തിനായി മാറുന്നത്. മാനുഷികമായ പരിമിതികളും പോരായ്മകളും ഉണ്ടായിട്ടുണ്ടെങ്കിലും ദൈവം തന്നെ ഏൽപ്പിച്ച കർത്തവ്യം തന്നാലാവും വിധം നിർവ്വഹിച്ചു എന്ന ചരിതാർഥ്യത്തോയാണ് താൻ കുളമാവ് ഗ്രാമത്തോട് യാത്ര പറയുന്നതെന്ന് ഡോക്ടർ മേരി പറയുന്നു.