ഇടുക്കി: കനത്ത മഴയെത്തുടർന്ന് ജില്ലയിൽ 14 ദുരിതാശ്വാസ ക്യാമ്പുകൾ ഇതിനോടകം തുറന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 ദുരിതാശ്വാസ ക്യാമ്പുകളാണ് ആരംഭിച്ചത്. ഇടുക്കി താലൂക്കിൽ ഏഴ് ക്യാമ്പുകളും ദേവികുളം താലൂക്കിൽ അഞ്ച് ക്യാമ്പുകളും ഉടുമ്പൻചോല താലൂക്കിൽ രണ്ട് ക്യാമ്പുകളുമാണ് തുറന്നിട്ടുള്ളത്.
ഇടുക്കി താലൂക്കിലെ ഏഴു ക്യാമ്പുകളിൽ 45 കുടുംബങ്ങളിലായി 138 അംഗങ്ങളാണുള്ളത്. ഇതിൽ 52 പുരുഷൻമാർ, 56 സ്ത്രീകൾ 30 കുട്ടികൾ ആണുള്ളത്. ദേവികുളം താലൂക്കിലെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ 27 കുടുംബങ്ങളിലെ 83 അംഗങ്ങളാണുള്ളത്. 21 പുരുഷൻമാർ, 46 സ്ത്രീകൾ, 16 കുട്ടികളുമാണുള്ളത്. ദേവികുളത്ത് ഏറ്റവും ഒടുവിലായി മറയൂർ ഗവ. എൽ.പി. സ്‌കൂളിൽ ആരംഭിച്ച ക്യാമ്പിൽ 11 കുടുംബങ്ങളിലായി 26 അംഗങ്ങളാണുള്ളത് ഏഴ് പുരുഷൻമാരും 15 സ്ത്രീകളും നാല് കുട്ടികളുമാണ് ഇവിടെയുള്ളത്. ഉടുമ്പൻചോല താലൂക്കിൽ തുറന്ന രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ മൂന്ന് കുടുംബങ്ങളിലായി 10 അംഗങ്ങളുണ്ട്. നാല് പുരുഷൻമാരും, നാല് സ്ത്രീകളും, രണ്ട് കുട്ടികളുമാണുള്ളത്. ഇന്ന് വൈകുന്നേരം നാല് മണി വരെയുള്ള കണക്കുകളാണിത്.
ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയിൽ 130 വീടുകൾക്ക് നാശനഷ്ടമുണ്ടായി. 121 വീടുകൾ ഭാഗികമായും ഒൻപത് വീടുകൾ പൂർണ്ണമായും തകർന്നു. ഏറ്റവും കൂടുതൽ വീടുകൾക്ക് നാശനഷ്ടമുണ്ടായത് ഇടുക്കി താലൂക്കിലാണ്. ഇടുക്കിയിൽ 45 വീടുകളാണ് തകർന്നത്. ഇതിൽ 43 വീടുകൾ ഭാഗികമായും രണ്ട് വീടുകൾ പൂർണ്ണമായും തകർന്നു. തൊടുപുഴ താലൂക്കിൽ 28 വീടുകൾക്ക് നാശനഷ്ടമുണ്ടായി. 24 വീടുകൾ ഭാഗികമായും നാല് വീടുകൾ പൂർണ്ണമായും തകർന്നു. ദേവികുളം താലൂക്കിൽ നാശനഷ്ടമുണ്ടായത് 26 വീടുകൾക്കാണ്. ഇതിൽ 24 വീടുകൾ ഭാഗികമായും രണ്ട് വീടുകൾ പൂർണ്ണമായും തകർന്നു. ഉടുമ്പൻചോല താലൂക്കിൽ 23 വീടുകൾക്ക് നാശനഷ്ടമുണ്ടായി. തകർന്നു. ഇതിൽ ഒരു വീട് പൂർണ്ണമായും തകർന്നു. പീരുമേട് താലൂക്കിൽ എട്ട് വീടുകൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 24 വീടുകളാണ് കനത്ത മഴയിൽ തകർന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ജില്ലയിൽ ഒരു മരണവും സംഭവിച്ചിട്ടുണ്ട്. കുമളി സ്വദേശി ശ്രീജിത്താണ്(19) കനത്ത കാറ്റിൽ മരം വീണ് മരിച്ചത്. ഇതിനോടകം മൂന്ന് പേർക്കാണ് മഴക്കെടുതിയിൽ ജില്ലയിൽ ജീവഹാനി സംഭവിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
കനത്ത മഴയിൽ ജില്ലയിൽ ഏകദേശം 5.48 കോടി രൂപയുടെ കൃഷിനാശമാണ് ഉണ്ടായതായാണ് പ്രാഥമിക കണക്കുകൾ. 350.8 ഹെക്ടറിലായി 3218 കർഷകരുടെ കാർഷിക വിളകൾ നശിച്ചു.
89.74 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പെയ്തത്. കഴിഞ്ഞ ദിവസത്തെ കണക്കു പ്രകാരം ഉടുമ്പൻചോല താലൂക്കിൽ 36, ദേവികുളം 114.2, പീരുമേട് 135.9, ഇടുക്കി 78.2 തൊടുപുഴ 84.4 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ആശങ്കപ്പെടേണ്ട സാഹചര്യത്തിലല്ല. 2342 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ 128.4 അടിയാണ് ജലനിരപ്പ്.
ജില്ലയിൽ 31ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാമെന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. ഗ്യാപ്പ് റോഡിൽ പൂർണ്ണമായ യാത്രാ നിരോധനം.
കൊച്ചി ധനുഷ്‌കോടി ദേശീയപാത മൂന്നാർ ഗ്യാപ്പ് റോഡ് വഴിയുള്ള ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പൂർണ്ണമായും നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.