ഇടുക്കി: 11 വർഷങ്ങൾക്ക് മുൻപ് കാണാതായ സഹോദരൻ കൊല്ലപ്പെട്ടുവെന്ന് ആരോപണവുമായി ജേഷ്ഠൻ രംഗത്ത്. പാമ്പാടുംപാറ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ താമസക്കാരനായ സുരേഷ് ഭവനത്തിൽ എസ്.സജീവാണ് അനുജൻ സുഭാഷിന്റെ തിരോധാനം വീണ്ടും അന്വേഷിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. കട്ടപ്പന – നരിയംപാറയിൽ താമസിച്ചിരുന്ന സുഭാഷിനെ 2014 ഏപ്രിൽ 22നാണ് കാണാതായത്. തുടർന്ന് കട്ടപ്പന പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടാവാതെ വന്നതോടെ 2016ൽ വീണ്ടും പൊലീസിൽ പരാതി നൽകി. പിന്നീട് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തെങ്കിലും അന്വേഷണം കാര്യക്ഷമമായി നടത്താൻ തയാറായില്ല. അടുത്ത ബന്ധുക്കൾ ഉൾപ്പെടുന്ന സംഘം സുഭാഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും മൃതദേഹം വീടിന് സമീപത്തെ കൃഷിയിടത്തിൽ മറവ് ചെയ്തെന്നും സജീവ് ആരോപിക്കുന്നു. എന്നാൽ ഇവിടെ പരിശോധന നടത്താൻ അന്വേഷണ ഉദ്യോഗസ്ഥർ തയാറായില്ലെന്നും സംഭവത്തിൽ മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രിക്കും എംപി, ഡിജിപി എന്നിവർക്കും പരാതി നൽകിയെങ്കിലും അന്വേഷണം പാതി വഴിയിൽ നിലക്കുകയായിരുന്നുവെന്നും സുഭാഷിന്റെ തിരോധാനത്തിൽ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും സജീവ് പറഞ്ഞു.
11 വർഷങ്ങൾക്ക് മുൻപ് കാണാതായ സഹോദരൻ കൊല്ലപ്പെട്ടുവെന്ന് ആരോപിച്ച് ജേഷ്ഠൻ രംഗത്ത്





