ഇടുക്കി: അടിമാലി മച്ചിപ്ലാവ് കാർമ്മൽ ജ്യോതി സ്‌പെഷ്യൽ സ്‌കൂളടക്കം നിരവധിയായ സ്ഥാപനങ്ങൾ സംസ്ഥാനത്ത് ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിശീലനത്തിനും സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലൊക്കെയും നിരവധിയായ ജീവനക്കാരും പ്രവർത്തിച്ചു പോരുന്നു.
ഭിന്നശേഷിക്കാരായ കുട്ടികളെ കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാൻ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ സ്പെഷ്യൽ സ്‌കൂളുകൾക്ക് എയിഡഡ് പദവി നൽകണമെന്ന ആവശ്യം ഇനിയും യാഥാർത്ഥ്യമായിട്ടില്ല. 100 കുട്ടികളിൽ അധികം പഠനം നടത്തുന്ന സ്പെഷ്യൽ സ്‌കൂളുകളെ എയിഡഡ് ആക്കി തീർക്കുമെന്ന പ്രഖ്യാപനമായിരുന്നു വർഷങ്ങൾക്ക് മുമ്പുണ്ടായത്. എന്നാൽ തുടർനടപടികൾ പിന്നീട് ഉണ്ടായില്ലെന്ന് മച്ചിപ്ലാവ് കാർമ്മൽ ജ്യോതി സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ബിജി പറയുന്നു. സ്പെഷ്യൽ സ്‌കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ തുച്ഛശമ്പളമാണ് വെല്ലുവിളി ഉയർത്തുന്ന പ്രധാനപ്രശ്നം.വലിയ തുക നൽകി അധ്യാപകരെ ജോലിക്ക് നിയമിക്കാൻ പല സ്പെഷ്യൽ സ്‌കൂളുകൾക്കും ശേഷിയില്ല.

സ്‌കൂളുകൾ എയിഡഡായി ഉയർത്തിയാൽ അധ്യാപകർക്ക് മെച്ചപ്പെട്ട വേതനം ലഭിക്കും.അംഗീകാരത്തിനായി വർഷങ്ങൽക്ക് മുമ്പ് സർക്കാർ മുമ്പോട്ട് വച്ച നിർദ്ദേശങ്ങൾ പാലിക്കുവാൻ മിക്ക സ്‌കൂളുകളും വലിയ തുക മുടക്കി അടിസ്ഥാന സൗകര്യം വർധിപ്പിച്ചിരുന്നു.എന്നാൽ തുടർനടപടികൾ ഉണ്ടാകാതെ വന്നതോടെ ഇതിനായി ചിലവഴിച്ച തുക അധിക ബാധ്യതയായി മാറി. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ പൊതുധാരയിൽ ചേർത്ത് നിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന സ്‌പെഷ്യൽ സ്‌കൂളുകളെ എയിഡഡ് പദവിയിലേക്കുയർത്തുന്ന കാര്യം സർക്കാർ അടിയന്തിരമായി പരിഗണിക്കണമെന്നാണ് ആവശ്യം.





