Timely news thodupuzha

logo

ശബരിമല മണ്ഡലക്കാല മഹോത്സവത്തോടനുബന്ധിച്ച് അന്തർ സംസ്ഥാന യോഗം ചേർന്നു

ഇടുക്കി: ശബരിമല മണ്ഡലക്കാല മഹോത്സവത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിൽ നിന്നും തീർത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ യാത്രാക്ലേശങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി അന്തർ സംസ്ഥാന യോഗം ചേർന്നു. ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, തേനി ജില്ലാ കളക്ടർ രജ്ഞിത്ത് സിംഗ് എന്നിവരുടെ നേതൃത്വത്തിൽ തേക്കടി ബാംബു ഗ്രോവിലായിരുന്നു യോഗം.

കഴിഞ്ഞ വർഷത്തെ പോലെ ഇക്കൊല്ലവും ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയ് യ്ക്കായുള്ള പ്രവർത്തനങ്ങൾ തമിഴ്‌നാട്-കേരള സർക്കാരിന്റെ സംയുക്തഭിമുഖ്യത്തിൽ നടപ്പിലാക്കും. തീർത്ഥാടന കാലത്ത് നടപ്പാക്കേണ്ട ഗതാഗത നിയന്ത്രണം, സുരക്ഷ, ചികിത്സാ സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് ഇരു ജില്ലാ ഭരണകൂടവും കൂട്ടായ തീരുമാനമെടുത്തുവെന്ന് ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് പറഞ്ഞു. റോഡ് സുരക്ഷയ്ക്കും തീർത്ഥാടകർക്ക് വൈദ്യസഹായത്തിനും വേണ്ട ക്രമീകരണങ്ങൾ ഒരുക്കുമെന്ന് തേനി ജില്ലാ കളക്ടർ രജ്ഞിത്ത് സിംഗ് അറിയിച്ചു. റോഡ് സുരക്ഷ, മാലിന്യനിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജനങ്ങൾക്ക് മാധ്യമങ്ങൾ വഴി ബോധവത്കരണം നൽകും. പ്ലാസ്റ്റിക് കുപ്പികൾ പരമാവധി ഒഴിവാക്കും. മണ്ഡലകാലത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി. മോട്ടോർ വാഹന വകുപ്പിന്റെ സ്‌ക്വാഡുകളുടെ പരിശോധന കർശനമാക്കും. യാത്ര സുഗമമാക്കുന്നതിനായി കെ എസ് ആർ ടി സി യുടെ നേതൃത്വത്തിൽ സ്പെഷ്യൽ സർവീസ് നടത്തും.ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു, ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്, തേനി എഡിഎസ് പി പി. കലൈക്കതിരവൻ, എ ഡി എം ഷൈജു പി ജേക്കബ്ബ്, പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ പി.യു സാജു, വിവിധ വകുപ്പ് തല മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *