ഇടുക്കി: ജില്ലയിലെ 52 പഞ്ചായത്തുകളിലേക്കും 8 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 2 മുനിസിപ്പാലിറ്റികളിലേക്കും ജില്ലാ പഞ്ചായത്തുകളിലേക്കുമുള്ള തിരഞ്ഞെടുപ്പിൽ ആകെ 6,40,890 പേർ വോട്ട് ചെയ്തു. ആകെ 9,12,133 വോട്ടർമാരാണുള്ളത്. 71.74 ആണ് വോട്ടിങ് ശതമാനം. 3,25,029 സ്ത്രീകളും 3,29,034 പുരുഷന്മാരും 7 ട്രാൻസ്ജെൻഡേഴ്സും വോട്ട് ചെയ്തു.
കഴിഞ്ഞ തവണ 74.68% ആയിരുന്നു. ആകെ 63 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 1036 വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 3100 സ്ഥാനാർഥികൾ മത്സരിച്ചു. ഇന്നലെ രാവിലെ കൃത്യം 7ന് തന്നെ ജില്ലയിൽ വോട്ടിങ് ആരംഭിച്ചു. തോട്ടം മേഖലയിൽ രാവിലെ വോട്ട് രേഖപ്പെടുത്താൻ വലിയ തിരക്കായിരുന്നു. ചിലയിടങ്ങളിൽ വോട്ടിങ്ങ് മെഷീൻ തകരാർ മൂലം വോട്ടെടുപ്പ് ആരംഭിക്കാൻ വൈകി. മറ്റ് പ്രശ്നങ്ങൾ ജില്ലയിൽ ഉണ്ടായില്ല.
ഉച്ചയോടെയാണ് മിക്ക ബൂത്തുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടത്. വെയിലത്ത് നീണ്ട നിരയായി ജനങ്ങൾ നിന്നതോടെ പലയിടങ്ങളിലും പ്രവർത്തകർ പടുത വലിച്ചു കെട്ടി തണലൊരുക്കി. സ്ഥാനാർഥികൾ അവസാനവട്ട അഭ്യർഥനയുമായി പോളിങ് സ്റ്റേഷൻ പരിസരത്തു നിലയുറപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഓരോ വോട്ടും വിലപ്പെട്ടതാണെന്ന് സ്ഥാനാർഥികൾ പറയുന്നു. പ്രായമായവരെയും രോഗബാധിതരെയും പ്രവർത്തകർ തന്നെ ഇടപെട്ട് നേരിട്ടെത്തിച്ച് വോട്ട് ചെയ്യിക്കുന്ന കാഴ്ച എല്ലായിടത്തും കാണാമായിരുന്നു.





