തൊടുപുഴ: വോട്ടുകൾ മെഷീനിൽ ആയതോടെ ഇനി കണക്കുകൂട്ടലുകളുടെ നാളുകൾ. കഴിഞ്ഞ ഒരു മാസമായി വോട്ടു തേടിയുള്ള നെട്ടോട്ടത്തിന് ഒടുവിൽ ചൊവ്വാഴ്ച വൈകുന്നേരം അവസാന വോട്ടും മെഷീനിൽ കുത്തി പച്ച തെളിഞ്ഞതോടെ ഒരു ദീർഘനിശ്വാസമാണ് സ്ഥാനാർഥികൾക്കും അണികൾക്കും. യുദ്ധം കഴിഞ്ഞ പ്രതീതി. വീടുകയറിയും കോർണർ മീറ്റിങ്ങുകളിൽ പങ്കെടുത്തും കുടുംബയോഗങ്ങൾ നടത്തിയും രാവു പകലാക്കിയ പ്രചാരണക്കാലമാണു കഴിഞ്ഞുപോയത്. ഇത്ര നാളെത്തെ കഷ്ടപ്പാടിനും പ്രവർത്തനങ്ങൾക്കും ഫലമുണ്ടായോ എന്നറിയുന്നതിനായി ഇനി മൂന്നു നാൾ കാത്തിരിക്കണം. ഈ മൂന്നു ദിവസത്തെ ഇടവേളയിൽ വീട്ടിൽ പൂർണ വിശ്രമമാണ് പല സ്ഥാനാർഥികളും ആഗ്രഹിക്കുന്നത്.
തൊഴിലും ബിസിനസും ഉപേക്ഷിച്ച് പ്രചാരണത്തിനു ഇറങ്ങിയ സ്ഥാനാർഥികൾ തങ്ങളുടെ തൊഴിലിടങ്ങളിൽ ഊർജിതമാകാനുള്ള നീക്കത്തിലാണ്. തങ്ങളെ സഹായിച്ചവർക്ക് സമൂഹ മാധ്യമങ്ങൾ വഴി നന്ദി അർപ്പിച്ചുള്ള പോസ്റ്റുകളും ചില സ്ഥാനാർഥികൾ എഴുതിയിട്ടുണ്ട്. വാർഡുകളിൽ സ്ഥാപിച്ച പ്രചാരണ ഫ്ളക്സുകളും പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യാൻ അണികൾക്കൊപ്പം രംഗത്ത് ഇറങ്ങുമെന്നും ചില സ്ഥാനാർഥികൾ വ്യക്തമാക്കി. ബന്ധുവീടുകളും അയൽപക്കങ്ങളും സന്ദർശിച്ച് നന്ദി പറയാൻ ഇനി സമയം കണ്ടെത്തുമെന്നും ചിലർ പറഞ്ഞു. ഓരോ ബൂത്തുകളിലും രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്റുമാരിൽ നിന്നും ലഭിക്കുന്ന കണക്കുകൾ കൂട്ടിയും കുറച്ചും വിജയ പരാജയങ്ങൾ അളക്കുകയാണ് മുന്നണികൾ. വോട്ടെടുപ്പ് കഴിഞ്ഞതോടെ തന്നെ കണക്കുകൂട്ടലുകൾക്ക് തുടക്കമായിട്ടുണ്ട്.
പ്രാഥമിക കണക്കെടുപ്പിൽ അനുകൂല സാഹചര്യമാണെന്നാണ് ഇടത്്-വലത്-എൻ.ഡി.എ മുന്നണികളുടെ വിലയിരുത്തൽ. എന്നാൽ വോട്ടെടുപ്പിലെ അടിയൊഴുക്കുകൾ ആരെ തുണക്കുമെന്നത് കണ്ടെത്താൻ ഫല പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടി വരും.
സ്വതന്ത്രൻമാർ വിജയിക്കാൻ സാധ്യതയുള്ള പഞ്ചായത്തുകളിൽ ഇവരെ ചാക്കിലാക്കാനും അണിയറ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. മതിയായ ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ സ്വതന്ത്രൻമാരെ ഒപ്പം നിർത്തി ഭരണം പിടിച്ചെടുക്കാനുള്ള തയാറെടുപ്പുകളും അണിയറയിൽ ആരംഭിച്ചിട്ടുണ്ട്.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ ലേബലിലും സ്വതന്ത്രരായും മത്സരിച്ച സ്ഥാനാർഥികൾ ഒരു മാസത്തോളമായി വിശ്രമമില്ലാത്ത തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലായിരുന്നു. പ്രധാന മുന്നണികളിൽ പലതിലും നോമിനേഷൻ പിൻവലിക്കാനുള്ള തിയതി കഴിഞ്ഞ ശേഷമാണ് ഔദ്യോഗിക സ്ഥാനാർഥികളെ നിശ്ചയിച്ചതും പ്രഖ്യാപിച്ചതും. ഇതിനു ശേഷം പ്രചരണത്തിന് സമയം കുറവായിരുന്നതും സ്ഥാനാർഥികൾക്ക് വെല്ലുവിളിയായി.
കിട്ടിയ സമയത്തിൽ പരമാവധി വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു സ്ഥാനാർഥികൾ. പഞ്ചായത്ത്, നഗരസഭാ വാർഡുകളിൽ ഓരോ വീടും കയറിയിറങ്ങിയായിരുന്നു വോട്ട് പിടുത്തം. പുലർച്ചെ മുതൽ രാത്രി വരെ നീളുന്ന വീടുകയറ്റം അവസാന ദിവസം വരെ തുടർന്നു. മൂന്നും നാലും തവണയാണ് സ്ഥാനാർഥികൾ വീടുകൾ കയറിയിറങ്ങിയത്.
ബ്ലോക്ക്, ജില്ലാ സ്ഥാനാർഥികൾ പര്യടനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മത മേലധ്യക്ഷൻമാർ, സാമുദായിക നേതാക്കൾ പരസ്യ പ്രചരണങ്ങൾ, വാഹന ജാഥ തുടങ്ങിയവയിലൂടെ വോട്ട് ഉറപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. എന്തായാലും വിശ്രമമില്ലാത്ത തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് ചൊവ്വാഴ്ച വൈകിട്ടോടെ തിരശീല വീണത്.





