തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും പരാജയപ്പെട്ടവകുപ്പുകളിലൊന്നായി ആരോഗ്യവകുപ്പുമാറിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെ തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി ഹർഷിന എന്നയുവതി ആരോഗ്യ മന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ നടത്തുന്ന ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹർഷിനയുടെ തുടർചികിത്സയ്ക്കായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ‘ഗാന്ധിഗ്രാം’ ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ അടിയന്തര സഹായമായി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തെ നൽകിയ ഉറപ്പുകൾ ലംഘിച്ചു. സ്വകാര്യ ആശുപത്രിയിൽ ഉൾപ്പെടെ ചികിത്സയ്ക്കായി ഏകദേശം 50 ലക്ഷത്തോളം രൂപ ഹർഷിനയ്ക്ക് ചെലവായിട്ടുണ്ട്. മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തിരുന്നെങ്കിലും, കേവലം രണ്ട് ലക്ഷം രൂപ മാത്രമാണ് സർക്കാർ നൽകാൻ തയ്യാറായത്. ഇത് നീതി നിഷേധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വളരെ ഗുരുതരമായ സംഭവമാണിത്. എന്നാൽ അത് തേച്ചു മായ്ച്ചു കളയാനാണ് അധികൃതർ ശ്രമിച്ചത് , നാടും ജനങ്ങളും ഹർഷിനക്കൊപ്പം നിന്നു നടത്തിയ പോരാട്ടത്തിന്റെഫലമായാണ് സത്യം പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് കുറ്റപത്രം സമർപ്പിച്ച് പ്രതികളെ കണ്ടെത്തിയിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നത് പ്രതിഷേധാർഹമാണ്.
ഈ ആവശ്യത്തെ മുൻനിർത്തിക്കൊണ്ട് ഹർഷിന നടത്തുന്ന ഈ സമരം തികച്ചും വേദനാജനകമാണ്. ഇങ്ങനെയൊരു വീട്ടമ്മയ്ക്ക് വന്ന് സെക്രട്ടറിയേറ്റിന്റെയും മന്ത്രിയുടെയും വീട്ടുപടിക്കലൊക്കെ വന്ന് സമരം ചെയ്യേണ്ടി വരുന്നത് വളരെ ദുഖകരമാണ്.
ചികിത്സ തുടരുന്ന സാഹചര്യത്തിലാണ് ഗാന്ധിഗ്രാം ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ കൈമാറുന്നത്. പാലക്കാട് ചന്താമര കേസിൽ ഉൾപ്പെടെ ആരോഗ്യമന്ത്രി നൽകിയ വാഗ്ദാനങ്ങൾ പാഴ്വാക്കായി മാറിയെന്നും, വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിക്കുന്നതെന്നും രമേശ് ചെന്നിത്തല രൂക്ഷമായി വിമർശിച്ചു.
കേരളത്തിന്റെ മനസാക്ഷിയെ തൊട്ടുണർത്തുന്ന ഈ സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. അല്ലാത്തപക്ഷം ഈ സർക്കാരിനെ അവസാനിപ്പിക്കാൻ ജനങ്ങൾ മുൻകൈ എടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സമരത്തിന് പൂർണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
സമരസമിതി ചെയർമാൻ ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു.മുൻ ആരോഗ്യ മന്ത്രി വിസി കബീർ, മുൻ എം.എൽ.എ ജോസഫ് എം പുതുശ്ശേരി, വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ ,വിമൻ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി മുബീന വാവാട്, സമരസമിതി വൈസ് ചെയർമാൻ എം.റ്റി സേതുമാധവൻ, എം.വി അബ്ദുൽ ലത്തീഫ്, ഹബീബ് ചെറൂപ്പ, പി.കെ സുബാഷ് ചന്ദ്രൻ, മുജീബ് കുറ്റിക്കാട്ടൂർ, റാഷിദ് പടനിലം തുടങ്ങിയവർ സംസാരിച്ചു. സമരസമിതി കൺവീനർ മുസ്തഫ പാലാഴി സ്വാഗതവും വൈസ് ചെയർമാൻ അൻവർ സാദത്ത് നന്ദിയും പറഞ്ഞു.






