തൊടുപുഴ: ദിവസവും രാവിലെ പ്രാർത്ഥിക്കുമ്പോൾ കത്തിക്കുന്ന മെഴുകുതിരികൾ ഉരുകി മെഴുകുമലയായി വാർത്തകളിൽ ഇടംപിടിച്ച തൊടുപുഴ സീനായ് ഹോട്ടലിൻ്റെ സാരഥി സീനായ് ചാക്കോച്ചൻ ചേട്ടൻ(75) വിടപറഞ്ഞു. തൊടുപുഴ ഇടുക്കി റോഡിൽ പഴയ വുഡ്ലാൻ്റ്സ് ഹോട്ടലിന് സമീപം പ്രവർത്തിക്കുന്ന സീനായ് ഹോട്ടലിലെ മെഴുകുമല കാഴ്ച ഏറെ ശ്രദ്ധേയമായിരുന്നു. ഇടയ്ക്ക് മെഴുകുമലയ്ക്ക് തീപിടിച്ച് ഭാഗികമായി കത്തി നശിച്ചെങ്കിലും ചാക്കോച്ചൻ ചേട്ടൻ വീണ്ടും പ്രാർത്ഥനയോടൊപ്പം കൊളുത്തിയ തിരികൾ കത്തിയമർന്ന് വീണ്ടും മെഴുകുമല രൂപംകൊണ്ടു. ജീവിതത്തിൽ ഏറെ കഷ്ടപ്പാടുണ്ടായിരുന്നെങ്കിലും പാവങ്ങളെ സഹായിക്കുന്നതിൽ പ്രത്യേക താൽപര്യമെടുത്തിരുന്നു. തൊടുപുഴയിൽ ഒരു സ്ഥാപനത്തിൽ ചെറുപ്പത്തിൽ സഹായിയായി ജീവിതപോരാട്ടം തുടങ്ങിയ ഇദ്ദേഹം സീനായ് ഹോട്ടലിലൂടെ അനേകരുടെ വിശപ്പ് അകറ്റി. വർഷങ്ങൾക്ക് മുമ്പ് വേളാങ്കണ്ണി തീർത്ഥയാത്ര പോകുമ്പോൾ കടപ്പുറത്തെ പാവങ്ങൾക്ക് അരി വിതരണം ചെയ്യുന്ന സീനായ് ചാക്കോച്ചൻ ചേട്ടനെ കണ്ടകാര്യം പൊതുപ്രവർത്തകനായ ആമ്പൽ ജോർജ്ജ് ഓർമ്മിച്ചു. സാധുക്കളെ സംരക്ഷിക്കുക, തെരുവിൽ അലഞ്ഞ് നടക്കുന്നവരുടെയും ഭിക്ഷക്കാരുടെയും മുടിവെട്ടി വൃത്തിവരുത്തുക തുടങ്ങിയവ ഹോട്ടൽ ബിസിനസ്സിനൊപ്പം ചെയ്തിരുന്നു. വർഷങ്ങൾക്ക് മുമ്പ് കോലാനിയിൽ ആകാശ പറവകളുടെ ക്യാമ്പ് സംഘടിപ്പിച്ച് പാവങ്ങൾക്ക് ആശ്വാസം പകർന്നിരുന്നു. മുരിങ്ങൂർ ധ്യാന കേന്ദ്രത്തോട് അനുബന്ധിച്ചുള്ള എയ്ഡ്സ് രോഗികളുടെ സംരക്ഷണ കേന്ദ്രത്തിൽ ഉൾപ്പെടെ വിവിധ അനാഥാലയങ്ങളിൽ അന്നദാനം നടത്തുന്നതും പതിവായിരുന്നു. വിശന്ന് ചെല്ലുന്ന ആർക്കും സീനായ് ഹോട്ടൽ അത്താണിയായിരുന്നു. നിശബ്ദമായ ചാരിറ്റി പ്രവർത്തനങ്ങളിലൂടെ പാവങ്ങളുടെ രക്ഷകനായ സീനായ് ചാക്കോച്ചൻ ചേട്ടൻ ഇനി ഓർമ്മകളിൽ മാത്രം.,….
കുമ്മണ്ണൂർ കരിക്കാട്ടിൽ കുടുംബാംഗമായ ഏലിയാമ്മ മത്തായിയുടെയും ഈറ്റക്കൽ പുത്തൻപുരക്കൽ പരേതനായ മത്തായിയുടെയും മകനാണ് ഇ.എം ചാക്കോ. ഭാര്യ പരേതയായ അന്നമ്മ ചാക്കോ മ്രാല മൂലക്കാട്ട് കുടുംബാംഗം. മക്കൾ: ആൽബർട്ട്, വിൽബെർട്ട്, റെജീന, മരിയാ, മാനുവൽ. മരുമക്കൾ: സിന്ധു, തോട്ടിനനിൽ(വെളിയന്നൂർ), ജെയിൻ, തോണക്കര(മുരിക്കാശ്ശേരി), ജോ, മുക്കാട്ടിൽ(കുമ്മണ്ണൂർ), സൈമൺ, പച്ചിക്കര(ചുങ്കം), ബെക്‌സി, ഇടപ്പള്ളി(കോട്ടയം). ഭൗതീകശരീരം വ്യാഴാഴ്ച്ച(29/01/2026) വൈകിട്ട് അഞ്ചിന് തച്ചേട്ട് നഗറിലുള്ള വീട്ടിൽ കൊണ്ടുവരും. സംസ്ക്കാരം വെള്ളിയാഴ്ച്ച(30/01/2026) രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് ചുങ്കം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ.






