ഇടുക്കി: മൂന്നാറിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ട കടുവയെ തേക്കടിയിൽ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിലെ വനത്തിൽ തുറന്ന് വിട്ടു. മറയൂർ പാമ്പൻ മല പുതുക്കാട് ഫീൽഡ് നമ്പർ 68 ഭാഗത്താണ് ചൊവ്വാഴ്ച വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ പെട്ടത്. മൂന്നാറിൽ നിന്നും മയങ്ങുന്നതിനുള്ള മരുന്ന് നല്കിയ കടുവ തേക്കടിയിലെത്തിച്ചപ്പോഴും മയക്കത്തിലായിരുന്നു മയക്കം വിട്ട് മാറാനുള്ള ഇൻജക്ഷൻ നൽകിയ കടുവ ഏതാനും സമയത്തിനുള്ളിൽ മയക്കം വിട്ട് ഉഷാറായി. ഇന്നലെ പുലർച്ചയോടെ തേക്കടിയിലെത്തിച്ച കടുവയെ രാവിലെ തന്നെ വനത്തിൽ തുറന്ന് വിട്ടു.

വനം വകുപ്പിൻ്റെ കണക്ക് പ്രകാരം അഞ്ച് വയസിലധികം പ്രായമുള്ള ആൺകടുവയാണിത്. കടുവക്ക് ഒൻപത് വയസിലധികം പ്രായം വരുമെന്നും വന്യജീവികളെ വേട്ടയാടാനുള്ള ശേഷിയില്ലാത്തതിനാലാണ് ജനവാസ മേഖലയിലിറങ്ങി വളർത്ത് മൃഗങ്ങളെ വേട്ടയാടിയതെന്നും സൂചനയുണ്ട്. തേയില തോട്ടം മേഖലയിലെ തൊഴിലാളികളുടെയടക്കം ഇരുപത്തിയഞ്ചിലധികം വളർത്ത് മൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. പിടികൂടുന്ന മൃഗങ്ങളെ ഭക്ഷിക്കുന്നത് തീർത്തും കുറവായത് കടുവയുടെ പ്രായാധിക്യത്തേയും അവശതയേയുമാണ് സൂചിപ്പിക്കുന്നത്. കടുവ പിടികൂടിയ മൃഗത്തിൻ്റെ അവശിഷ്ടമാണ് ഇരുമ്പ് കൂടിനുള്ളിൽ വനം വകുപ്പ് ഇട്ടത്. പകൽ പോലും കടുവയുടെ ശല്യം ഏറിയതോടെ ഭയപ്പാടിലായിരുന്നു തോട്ടം തൊഴിലാളികൾ. ദേശീയ പാതയിലും വനം വകുപ്പ് ഓഫീസിലും സമരം കനത്തതോടെയാണ് കൂട് സ്ഥാപിക്കാൻ വനം വകുപ്പ് തെയാറായത്.
മംഗല ദേവി മലയടിവാരത്താണ് കടുവയെ തുറന്ന് വിട്ടതെന്നാണ് പറയപ്പെടുന്നത്. ഈ ഭാഗത്ത് കടുവകളുടെ സ്ഥിര സാന്നിധ്യമുണ്ട്. മംഗല ദേവി കർണ്ണകി ക്ഷേത്ര മലയിൽ നിന്നാണ് വനം വകുപ്പിന് രണ്ട് മാസം പ്രായത്തിൽ മംഗളയെന്ന പെൺകടുവയെ കിട്ടിയത്.






