ഇടുക്കി: 2018ലെ പ്രളയത്തിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വീടുകൾ നഷ്ടപ്പെട്ടവർക്കാണ് സർക്കാരും മറ്റ് സന്നദ്ധ സംഘടനകളും വീടുകൾ വച്ച് നൽകിയത്. ഉപേക്ഷിക്കപ്പെട്ട വീടുകൾ പ്രളയത്തിൽ നഷ്ടപ്പെട്ടതിന്റെ രേഖ കാണിച്ച് വീട് ഉള്ളവർ തന്നെ വീണ്ടും വീട് സ്വന്തമാക്കിയതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ഇടുക്കി മണിയാറൻ കുടിയിൽ ഇത്തരത്തിൽ അഞ്ചു വീടുകളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. വൈദ്യുതി കണക്ഷൻ ഉൾപ്പെടെ ഉണ്ട്. പ്രധാന ഹൈവേയോട് ചേർന്ന് തന്നെയാണ് വീടുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്.
ജല സൗകര്യവും ഉണ്ട്. എന്നാൽ ഇവിടെ താമസിക്കാൻ മാത്രം ആളുകൾ ഇല്ല. ഈ വീടുകൾ സ്വന്തമാക്കിയവർ ജില്ലയ്ക്ക് പുറത്ത് വീടുകൾ ഉള്ളവർ ആണ് എന്നും പ്രദേശത്ത് അന്വേഷിച്ചപ്പോൾ അറിയാൻ സാധിച്ചു. പൊതുപ്രവർത്തകനായ സിബി മൈക്കിൾ പറയുന്നത് ഇങ്ങനെ.
വെള്ളിയാമറ്റം പാറേമാവ് സ്വദേശികളുടേതാണ് ഈ വീടുകൾ എന്നാണ് വിവരം. ഭവനരഹിതരായ നൂറുകണക്കിന് കുടുംബങ്ങൾ, പടുതമേഞ്ഞ വീടുകളിൽ നരകയാതെ അനുഭവിച്ച് ജീവിക്കുമ്പോഴാണ് തെറ്റായ രേഖകൾ സമർപ്പിച്ച് ഭവനങ്ങൾ സ്വന്തമാക്കിയവർ അത് ഉപയോഗിക്കാതെ നശിപ്പിക്കുന്നത്. ഇത്തരം കെട്ടിടങ്ങൾ സർക്കാർ കണ്ടു കെട്ടണമെന്നും അർഹരായവർക്ക് നൽകണമെന്നുമാണ് പൊതുപ്രവർത്തകരുടെയും നാട്ടുകാരുടെയും ആവശ്യം.






