വണ്ണപ്പുറം: വലിയ പോലീസ് സന്നാഹത്തിന്റെയും വനം, റവന്യു വകുപ്പുദ്യോഗസ്ഥരുടെയും സന്നിധ്യത്തിൽ തൊമ്മൻകുത്ത് സെയ്ന്റ് തോമസ് പള്ളിയിലെ വിശ്വാസികൾ നാരങ്ങാനം കുരിശടിയിലേയ്ക്ക് ദുഃഖ വെള്ളി പരിഹാര പ്രദിക്ഷണം നടത്തി. പട്ടയമില്ലാത്ത ഭൂമിയിൽ കുരിശ് സ്ഥാപിച്ചതിന്റ പേരിൽ കഴിഞ്ഞ വർഷം ഏപ്രിൽ 12-ന് വനം വകുപ്പ് ഇവിടെ സ്ഥാപിച്ചിരുന്ന കുരിശ് പിഴുതു കൊണ്ടു പോയിരുന്നു. എന്നാൽ കുരിശ് സ്ഥാപിച്ചത് വനം വകുപ്പിന്റെ ജണ്ടയ്ക്ക് പുറത്ത് ആറ് പതിറ്റാണ്ടുകൾ മുൻപുള്ള കൈവശഭൂമിയിലാണെന്നും ഒരു വിശ്വാസി പള്ളിക്ക് എഴുതി നൽകിയ സ്ഥലമാണിതെന്നും പള്ളി അധികൃതർ വ്യക്തമാക്കി.


ഇതിന്റ രേഖകൾ അവർ പുറത്തും വിട്ടു. അവകാശം തർക്കം നിലനിൽ ക്കുന്നതിനിടെ കഴിഞ്ഞ വർഷം ഇവിടേയ്ക്ക് കുരിശിന്റ വഴി നടന്നു. അന്ന് വനം വകുപ്പ് തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പള്ളി വികാരി കോതമംഗലം രൂപത വികാരി ജനറാൾ എന്നിവർ ഉൾപ്പെടെ 250പേർക്ക് എതിരെ വനഭൂമിയിൽ അതിക്രമിച്ചു കയറി എന്നതിന്റെ പേരിൽ കേസ് എടുത്തിരുന്നു. ഇത്തവണ വലിയ പോലീസ് സന്നാഹവും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നെങ്കിലും ആരും പരിഹാര പ്രദക്ഷിണം തടഞ്ഞില്ല.

അതോടെ അവകാശം തർക്കം നിലനിൽക്കുന്ന ഭൂമിയിൽ പ്രവേശിച്ച പരിഹാര പ്രദക്ഷിണം സമാധാനപരമായി പ്രാർത്ഥന നിർഭരമായ അന്തരീക്ഷത്തിൽ അവസാനിച്ചു. തർക്ക ഭൂമി അളന്ന് പട്ടയം നൽകി പ്രശ്നം പരിഹരിക്കാൻ ജില്ലാ ഭരണകൂടം തയാറാകണമെന്നാണ് വിശ്വാസികൾ അവശ്യപ്പെടുന്നത്. എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് തൊടുപുഴ താഹസീൽദാർ ബോബി റോസ്, കാളിയാർ റേഞ്ച് ഓഫീസർ ടോമിൻ അരഞ്ഞാണിയുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ, കാളിയാർ സി ഐ ബിനീഷ് ലാലിന്റെ നേതൃത്വത്തിൽ വലിയ പോലീസ് സന്നാഹവും എത്തിയിരുന്നു.






