രാജാക്കാട്: അൻപതാണ്ടുകൾക്ക് ശേഷം പഠിച്ച സ്കൂളിൽ കനകജൂബിലി സംഗമം നടത്തി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. രാജാക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 1973-74 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ കനകജൂബിലി സംഗമമാണ് രാജാക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂൾ ഹാളിൽ നടത്തിയത്.പെൺകുട്ടികളുടെ 2 ഡിവിഷനുകളും ആൺകുട്ടികളുടെ 2 ഡിവിഷനുമാണ് അന്നുണ്ടായിരുന്നത്. നാല് ഡിവിഷനുകളിലായി 160 കുട്ടികൾ പഠിച്ച ബാച്ചിലെ 20 പേർ ഒഴികെയുള്ള എല്ലാവരുടേയും ഫോൺ നമ്പർ സംഘടിപ്പിച്ച് വിളിച്ചു കൂട്ടുന്നതിന് കേവലം രണ്ടര മാസം മാത്രമാണ് സംഘാടക സമിതിക്ക് കാലതാമസമുണ്ടായത്.
140 പേരിൽ 12 പേർ മരണം മൂലം വേർപെട്ടു പോയി. കൂട്ടായ്മയുടെ ആദ്യയോഗം ചേർന്നതു മുതൽ നിരന്തരമായി ചെയർമാൻ പി.പി.ശിവനും മറ്റംഗങ്ങളും ബന്ധപ്പെട്ടുകൊണ്ട് 120 പേരേയും അവരുടെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചാണ് കൂട്ടായ്മ ജൂബിലി സംഘടിപ്പിച്ചത്. കേരളത്തിന് വെളിയിലും ജില്ലക്ക് പുറത്തുമുള്ള കൂട്ടുകാർ മിക്കവരും കൂട്ടായ്മക്കായി എത്തിയിരുന്നു. ഒരു 25 വർഷം മുമ്പ് ഇങ്ങനെ ഒന്നുകൂടാൻ കഴിഞ്ഞില്ലല്ലോയെന്ന പരിഭവവും ചിലർ പങ്കുവെച്ചു.
സ്കൂൾ ഡപ്യൂട്ടി ഹെഡ്മാസ്റ്റർ സിന്ധു ഗോപാലൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചെയർമാൻ പി.പി.ശിവൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എസ്.എൻ.മോഹനൻ സ്വാഗതം ആശംസിച്ചു. ട്രഷറർ പി.കെ.മോഹനൻ, വൈസ് ചെയർമാൻ കെ.ജി.വിശ്വംഭരൻ, ജോയിന്റ് കൺവീനർമാരായ ടി.സി.വർഗീസ്, ഇ.ജെ.ചാക്കോ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സഹപാഠികളുടെ വിവിധ കലാപരിപാടികളും നടത്തി. ഗ്രൂപ്പ് ഫോട്ടോയെടുത്ത്, സ്നേഹ വിരുന്നിൽ പങ്കാളികളായി, നീണ്ട അൻപത് വർഷങ്ങൾക്കിടയിലും പഠനകാലത്തെ പ്രവർത്തനങ്ങളും മറക്കാത്ത ഓർമ്മകളും പങ്കുവെച്ചാണ് കൂട്ടുകാർ പിരിഞ്ഞത്.